
















വിമാന അപകടത്തില്‍ അന്തരിച്ച മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പവാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ബാരാമതിയിലെ വിദ്യാ പ്രതിഷ്സ്ഥാന്‍ മൈതാനത്ത് രാവിലെ 11 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഉപമുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡ തുടങ്ങിയവര്‍ ഇന്നലെ തന്നെ ബാരാമതിയില്‍ എത്തിയിരുന്നു. ദുരന്തത്തെ തുടര്‍ന്ന് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. വിദഗ്ധസംഘം ഇന്നലെ അപകടം നടന്ന ബാരാമതി വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് വ്യോമസേന ബാരാമതി എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.അജിത്ത് പവാറിനൊപ്പം അപകടത്തില്‍ മരിച്ച മറ്റ് നാലുപേരുടെ മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.