CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 55 Seconds Ago
Breaking Now

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ; അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും

അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി നടത്തുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. തുണിത്തരങ്ങള്‍, ചെരുപ്പ് തുടങ്ങിയ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ തീരുവ കുറയ്ക്കാനും ധാരണയുണ്ട്. സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് തീരുവയില്ല.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ചില വിമാനങ്ങള്‍ക്കും വിമാന ഭാഗങ്ങള്‍ക്കും മേലുള്ള നികുതി ഒഴിവാക്കും. അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക വിഭവങ്ങള്‍ക്കും നികുതി ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബദാം, പഴങ്ങള്‍ തുടങ്ങിയവയുടെ നികുതിയിലും ഇളവുണ്ട്. കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലൂടെ മരുന്നുകള്‍, രത്നം, വജ്രം, എന്നിവയുടെ നികുതി അമേരിക്ക ഒഴിവാക്കും. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളില്‍ വിപണി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ബാധ്യതയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി നടത്തുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. അമേരിക്കയില്‍ ഇന്ത്യന്‍ അരി ഇറക്കുമതി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു. അമേരിക്കന്‍ മദ്യത്തിന് ഇന്ത്യയില്‍ തീരുവ കുറയ്ക്കും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്ന റബ്ബര്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, തുകല്‍, ചെരുപ്പ്, വാഹന സ്പെയര്‍ പാര്‍ട്സ് തുടങ്ങിയവയ്ക്ക് മേലുള്ള തീരുവയ്ക്കും ഇളവുണ്ടാകും.

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറച്ചത് കൂടാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്നു 25 ശതമാനം അധിക പിഴ തീരുവ റദ്ദാക്കിക്കൊണ്ട് ട്രംപ് പ്രത്യേക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി പകരം യുഎസില്‍ നിന്ന് കൂടുതല്‍ ഊര്‍ജ ഉത്പന്നങ്ങള്‍ വാങ്ങുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ തീരുവ തിരികെ ഏര്‍പ്പെടുത്തുമെന്ന് പ്രത്യേക ഉത്തരവില്‍ മുന്നറിയിപ്പുണ്ട്. അതേസമയം സംയുക്ത പ്രസ്താവനയില്‍ റഷ്യന്‍ എണ്ണയെക്കുറിച്ച് പരാമര്‍ശമില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.