
















നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ മത്സരിക്കുമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി എംപി. എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് സ്‌നേഹം കൂടിയത് കൊണ്ടാണെന്നും റോഷി ചോരത്തിളപ്പുള്ള നേതാവാണെന്നും ജോസ് കെ മാണി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സാധാരണക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കാനായി എന്നും തുടര്‍ഭരണം ഉറപ്പാക്കുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ജോസ് കെ മാണി പറഞ്ഞു.കേന്ദ്രസര്‍ക്കാരിനെതിരെയും ജോസ് കെ മാണി ആഞ്ഞടിച്ചു. സകല നിയമങ്ങള്‍ക്കും മേല്‍ കേന്ദ്രം കത്തിവെയ്ക്കുകയാണ് എന്നും നിയമങ്ങള്‍ക്ക് ദയാവധം സംഭവിക്കുകയാണ് എന്നും ജോസ് കെ മാണി പറഞ്ഞു. സ്പീക്കറുടെ പദവിക്ക് വിലയില്ലാതാക്കിയ കാലഘട്ടമാണ് ഉണ്ടാകുന്നത് എന്നും ജോസ് കെ മാണി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി പാലായില്‍ തന്നെ മല്‍സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ തറപ്പിച്ചുപറഞ്ഞത്. എല്‍ഡിഎഫ് ജാഥയുടെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ജോസിനെ അടുത്തിരുത്തിക്കൊണ്ട് റോഷി അഗസ്റ്റിന്റെ പ്രതികരണം ഉണ്ടായത്. പാലായില്‍ മത്സരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു ജോസിന്റെ മറുപടി. അപ്പോള്‍ത്തന്നെ റോഷി അഗസ്റ്റിന്‍ മൈക്ക് പിടിച്ചുവാങ്ങി ജോസ് പാലായില്‍ തന്നെ മത്സരിക്കുമെന്നും അത് പാര്‍ട്ടിയുടെ തീരുമാനമാണ് എന്ന് പറയുകയും ചെയ്തു. സമയമാകുമ്പോള്‍ പ്രഖ്യാപിക്കുമെന്നും എല്ലാ മേഖലയിലും വിജയമുണ്ടാകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.