
















കാമുകന്റെ കൗമാരക്കാരിയായ സുഹൃത്തിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ച് കൊന്ന് യുവതി. മുബൈയിലെ ശിവാജി നഗര്‍ മേഖലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. 19കാരിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ഫുര്‍ഖാനിയ മസ്ജിദ് മേഖലയില്‍ വച്ചാണ് 19കാരിക്ക് വെടിയേറ്റത്. സംഭവത്തില്‍ 25കാരിയായ യുവതിയേയും കാമുകനായ 23കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിഫയുടെ മുഖത്തും കവിളിലുമാണ് വെടിയേറ്റത്. തലയോട്ടി തകര്‍ത്താണ് വെടിയുണ്ട കടന്ന് പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജനവാസ മേഖലയില്‍ പട്ടാപ്പകല്‍ നടന്ന വെടിവയ്പ് വലിയ രീതിയില്‍ ആളുകള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. യുവാവിന് ലഹരി സംഘങ്ങളുമായി ഉള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് ഷിഫ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ശിവാജി നഗറില്‍ വച്ച് ഷിഫ 25കാരിയെ കണ്ടു. ഇരുവര്‍ക്കുമിടയിലെ വാക്കേറ്റത്തിനിടെ 25കാരി വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. പോയിന്റ് ബ്ലാങ്കില്‍ നിന്നുള്ള വെടിയേറ്റ് ഷിഫ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് 19കാരിയെ ഘാട്‌ഖോപറിലെ ജാവാഡി ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി. വളരെ അടുത്ത് നിന്നുള്ള വെടിയേറ്റാണ് 19കാരി കൊല്ലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേറ്റ പരിക്കുകളേ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ തന്നെ 19കാരി മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം തുടങ്ങി. 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടുണ്ട്.