
















കൊറിയന്‍ ആരാധകരായ മൂന്ന് സഹോദരിമാര്‍ ഒമ്പതാം നിലയില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ, പിതാവ് ചേതന്റെ സങ്കീര്‍ണ്ണമായ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ചേതന് മൂന്ന് ഭാര്യമാരുണ്ടെന്നും കുടുംബത്തില്‍ മുന്‍പും സമാനമായ മരണങ്ങള്‍ നടന്നിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ച പെണ്‍കുട്ടികളുടെ അപ്പൂപ്പന്‍ (അമ്മയുടെ പിതാവ്) മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പ്രകാരം, അദ്ദേഹത്തിന് 14 മക്കളാണുള്ളത്. ഇതില്‍ മൂത്ത മകളായ സുജാതയെ 18 വര്‍ഷം മുന്‍പാണ് ചേതന്‍ വിവാഹം കഴിച്ചത്. എന്നാല്‍ കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് സുജാതയുടെ സഹോദരി ഹീനയെയും ചേതന്‍ വിവാഹം കഴിച്ചു. ഇവര്‍ രണ്ട് പേരും കുട്ടികളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് സുജാതയ്ക്കും ഹീനയ്ക്കും മക്കളുണ്ടായി.
സുജാതയുടെയും ഹീനയുടെയും സഹോദരിയായ ആഞ്ചല്‍, ആറ് വര്‍ഷം മുന്‍പ് ഇതേ ചേതന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചിരുന്നു. ചേതന്റെ മകളുടെ ജന്മദിനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. അന്ന് അതൊരു അപകടമാണെന്ന് കരുതി കുടുംബം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ആഞ്ചല്‍ ചേതന്റെ ലിവിങ്-ടുഗദര്‍ പങ്കാളിയായിരുന്നുവെന്ന് ഇപ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചേതന് ടീന എന്നൊരു മൂന്നാം ഭാര്യ കൂടി ഉണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-ല്‍ ക്രെഡിറ്റ് കാര്‍ഡ് സേവന മേഖലയില്‍ ജോലി ചെയ്യുമ്പോഴാണ് ചേതന്‍ ടീനയെ പരിചയപ്പെടുന്നത്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. എന്നാല്‍ പോലീസ് ചോദ്യം ചെയ്യലില്‍, ചേതന്‍ ടീനയെ തന്റെ മൂന്നാം ഭാര്യയായിട്ടല്ല, മറിച്ച് തന്റെ സഹോദരഭാര്യയായിട്ടാണ് പരിചയപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ടീനയുമായുള്ള ബന്ധത്തെച്ചൊല്ലി കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മരിച്ച മൂന്ന് സഹോദരിമാര്‍ക്കും (16, 14, 12 വയസ്സ്) അമ്മമാരേക്കാള്‍ കൂടുതല്‍ അടുപ്പം പിതാവിനോടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതുകൊണ്ടാണ് കുറിപ്പില്‍ അവര്‍ പിതാവിനെ മാത്രം അഭിസംബോധന ചെയ്തത്. കുട്ടികള്‍ക്ക് കൊറിയന്‍ ആപ്പുകളോടും ഗെയിമുകളോടും അമിതമായ താല്പര്യമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.