
















തമിഴ്‌നാട് വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷന്‍ വിജയ്ക്കും നടി തൃഷയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ രംഗത്തെത്തി. രാഷ്ട്രീയത്തില്‍ ശോഭിക്കണമെങ്കില്‍ വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണമെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങി കാര്യങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. സേലത്ത് നടന്ന ടി.വി.കെ. റാലിയില്‍ തമിഴ്‌നാട്ടിലെ മത്സരം ഡി.എം.കെയും തന്റെ പാര്‍ട്ടിയും തമ്മിലാണെന്ന വിജയിന്റെ പ്രസ്താവനയാണ് ബി.ജെ.പി. നേതാവിനെ ചൊടിപ്പിച്ചത്. കുടുംബത്തെ നോക്കാനും മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാനും വിജയ് തയ്യാറാകണമെന്നും നൈനാര്‍ നാഗേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിജയ്ക്ക് രാഷ്ട്രീയത്തില്‍ അനുഭവസമ്പത്തില്ലെന്നും അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയില്ലെന്നും നൈനാര്‍ നാഗേന്ദ്രന്‍ വിമര്‍ശിച്ചു. ''മേല്‍ക്കൂരയില്‍ കയറി കോഴിയെ പിടിക്കാന്‍ കഴിയാത്തവര്‍ക്ക് ആകാശത്തേറി വൈകുണ്ഠത്തില്‍ പോകാന്‍ കഴിയുമോ'' എന്ന പരിഹാസത്തിലൂടെ വിജയിന്റെ രാഷ്ട്രീയ മോഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. നടനായതുകൊണ്ട് മാത്രം വോട്ട് ബാങ്കിന്റെ 32 ശതമാനം ലഭിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും, നല്ല നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെ ബഹുമാനിക്കാന്‍ വിജയ് പഠിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പണം വാങ്ങിയാലും വോട്ട് ടി.വി.കെയ്ക്ക് തന്നെ നല്‍കണമെന്ന് വിജയ് സേലത്തെ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. എതിരാളികള്‍ നല്‍കുന്ന പണം നിരസിക്കേണ്ടതില്ലെന്നും എന്നാല്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പാര്‍ട്ടിയുടെ ചിഹ്നമായ 'വിസിലിന്' തന്നെ നല്‍കണമെന്നുമാണ് അദ്ദേഹം അണികളോട് പറഞ്ഞത്.