
















അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകന്‍ ക്രിസ്റ്റി (25) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ താന്നിക്കുന്നിലെ വീട്ടിലാണ് സംഭവം. കൃത്യത്തിന് ശേഷം മകന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീത.
ഗീതയുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ കിടപ്പുമുറിയില്‍ വെച്ചാണ് ക്രിസ്റ്റി അമ്മയെ മാരകമായി ആക്രമിച്ചത്. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു നാട്ടിലെത്തിയതായിരുന്നു. ഇയാള്‍ ലഹരിമരുന്നിന് അടിമയാണെന്ന് പറയപ്പെടുന്നു. കൊലപാതകം നടക്കുമ്പോള്‍ ഗീതമ്മയുടെ ഭര്‍ത്താവ് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.
കൊലപാതകത്തിന് ശേഷം വീട്ടില്‍ തന്നെ തുടര്‍ന്ന ക്രിസ്റ്റി, പിന്നീട് അയല്‍വാസിയായ യുവാവിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സ്‌കൂട്ടറിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരം അറിഞ്ഞയുടന്‍ പൊലീസെത്തി ഗീതമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാര്‍ലറും തയ്യല്‍ കടയും നടത്തിവരികയായിരുന്നു. ക്രിസ്റ്റിയെ കൂടാതെ ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.