
















വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. വെടിവെയ്പ്പിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവെയ്പ്പ് ഉണ്ടായത്. ആക്രമിയെ പിടികൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അത്താഴ വിരുന്നില്‍ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആര്‍ക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയില്‍നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
5 മുതല്‍ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് എന്നിവരുള്‍പ്പെടെയുള്ള പ്രധാനികളാണ് വേദിയില്‍ ഉണ്ടായിരുന്നത്.