CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 5 Seconds Ago
Breaking Now

പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് അവകാശമായി ഉന്നയിക്കാനാവില്ല: നിര്‍ണായക ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തിലെ സ്ഥലത്ത് നിസ്‌കാരം നടത്താന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.

പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്നതും മതപരമായ ഒത്തുചേരലുകള്‍ നടത്തുന്നതും അവകാശമായി ഉന്നയിക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തിലെ സ്ഥലത്ത് നിസ്‌കാരം നടത്താന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. ആസീന്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിസ്‌കാരം നടത്തുന്നത് അധികൃതര്‍ തടയുന്നു എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, റവന്യൂ രേഖകള്‍ പ്രകാരം ഇത് പൊതു ആവശ്യത്തിനുള്ള ഭൂമിയാണെന്നും ഇവിടെ പെരുന്നാള്‍ സമയത്ത് മാത്രമാണ് പാരമ്പര്യമായി നിസ്‌കാരം നടക്കാറുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പൊതുക്രമം , ധാര്‍മ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമാണ് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഗരിമ പ്രസാദ്, ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതാണ്. അവിടെ സ്ഥിരമായി മതപരമായ ചടങ്ങുകള്‍ നടത്തുന്നത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും പൊതുസമാധാനത്തെയും ബാധിക്കും. വീടിനുള്ളിലോ പരിമിതമായ സ്വകാര്യ സ്ഥലത്തോ നടത്തുന്ന വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്ക് സംരക്ഷണമുണ്ട്. എന്നാല്‍ ഇത് വലിയൊരു ഒത്തുചേരലായി മാറുകയും പൊതുസമൂഹത്തെ ബാധിക്കുകയും ചെയ്യുമ്പോള്‍ അത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍, അനിഷ്ട സംഭവങ്ങള്‍ നടക്കുന്നത് വരെ കാത്തുനില്‍ക്കാതെ തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ ഗ്രാമത്തിന് പുറത്തുള്ളവരെ അടക്കം പങ്കെടുപ്പിച്ച് വലിയ തോതിലുള്ള ഒത്തുചേരലുകള്‍ക്ക് ശ്രമിക്കുന്നു എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

 




കൂടുതല്‍വാര്‍ത്തകള്‍.