
















യുക്മ - തെരേസാസ് ലണ്ടന്‍ 'ഓണച്ചന്തം മലയാളി സുന്ദരി' സീസണ്‍ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാന്‍ഡായ തെരേസാസ് ലണ്ടനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷന്‍ ഷോ ഡയറക്ടര്‍ കമല്‍ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നല്‍കുന്നത്. യുക്മ വനിത വിഭാഗമായ 'യുക്മ ഷീ ലീഡ്‌സ്' മത്സരത്തിനാവശ്യമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ജൂണ്‍ 20 ന് മുന്‍പായി അപേക്ഷിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ലഭിക്കുന്നത്.
കേരളത്തിന്റെ പ്രൌഢമായ സംസ്‌കാരവും പാരമ്പര്യവും മലയാളി വനിതകളുടെ സൌന്ദര്യവും ഉത്സവാന്തരീക്ഷത്തില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ മത്സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 12 പേര്‍ക്കാണ് അവസരമൊരുങ്ങുന്നത്.
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയില്‍ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോര്‍ത്തിണക്കി ഏറെ പുതുമകള്‍ നിറഞ്ഞതാകും ഓണച്ചന്തം സീസണ്‍ 2 മത്സരങ്ങള്‍. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേര്‍ന്ന കൂടുതല്‍ പുതുമകള്‍ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടര്‍ കമല്‍ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷന്‍ ഷോകള്‍ വിജയകരമായി അവതരിപ്പിച്ച കമല്‍ രാജ് മാണിക്കത്ത് ഫാഷന്‍ ഷോ രംഗത്ത് ഏറെ പ്രശസ്തനാണ്. യുക്മ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, യുക്മ ഷീ ലീഡ്‌സിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി റെയ്മോള്‍ നിധീരി എന്നിവര്‍ ഓണച്ചന്തം സീസണ്‍ രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ വള്ളംകളിയുടെ വേദിയില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഓണച്ചന്തം സീസണ്‍ 1 കാണികള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളീയ സംഗീതവും, നൃത്തങ്ങളും, തിരുവാതിരയും, തെയ്യവും, ചെണ്ടമേളവും നിറഞ്ഞാടിയ വേദിയില്‍ ഫാഷന്‍ ഷോ മത്സരാര്‍ത്ഥികളെ നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ വരവേറ്റത്.
കേരളത്തിന്റെ കലാ സാംസ്‌കാരിക പാരമ്പര്യങ്ങളെ ഓണത്തെ അടിസ്ഥാനമാക്കി ഉത്സവാന്തരീക്ഷത്തില്‍ തയ്യാറാക്കുന്ന ഷോ രണ്ട് റൌണ്ടുകളായിട്ടാണ് നടത്തപ്പെടുന്നത്. നിറങ്ങളും ചലനങ്ങളും ഭാവനയും പ്രൌഢിയും സൌന്ദര്യവും കലയും സമന്വയിക്കുന്നതായിരിക്കും രണ്ട് റൌണ്ടുകളും.
റൌണ്ട് 1 - പ്രൌഢ വേഷം | ഓണം പുനരാവിഷ്‌ക്കരണം
യുക്മ തെരേസാസ് ഓണച്ചന്തം സീസണ്‍ 2 ന്റെ ആദ്യ റൌണ്ട് ഓണത്തിന്റെ കലാത്മകതയും വേഷവിധാനങ്ങളും ആഘോഷിക്കുന്നു. മത്സരാര്‍ത്ഥികള്‍ കേരളത്തിന്റെ വിളവെടുപ്പ്, സംസ്‌കൃതി, പാരമ്പര്യം, പ്രകൃതി, ഉത്സവാഘോഷങ്ങള്‍ എന്നിവയില്‍ നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ള മാതൃകകള്‍ അവതരിപ്പിക്കും.
ഈ റൌണ്ട് കേരളീയ സൌന്ദര്യബോധത്തിന്റെ ആത്മാവ് നിലനിര്‍ത്തിക്കൊണ്ട് നൂതന സ്‌റ്റൈലിങ്ങ് പ്രോത്സാഹിപ്പിക്കുന്നു. കസവിന്റെ ആധുനിക പ്രൌഢി, ചുവര്‍ചിത്രങ്ങളില്‍ നിന്നുള്ള ആശയങ്ങള്‍, കഥകളി ഘടകങ്ങള്‍, പൂക്കള്‍, വള്ളംകളി, വിളവെടുപ്പ്, തെങ്ങ് - പന, കേരളീയ ഛായാരൂപങ്ങള്‍ വരെയുള്ള രൂപങ്ങളെയും പാരമ്പര്യത്തെയും മത്സരാര്‍ത്ഥികള്‍ ആധുനിക ഫാഷന്‍ മോഡലുകളിലേക്ക് രൂപാന്തരീകരണം ചെയ്യും.
റൌണ്ട് 2 - സമ്പന്നമായ കേരള തനിമ റൌണ്ട് -
സ്‌പോണ്‍സേര്‍ഡ് ബൈ തെരേസാസ് ലണ്ടന്‍
രണ്ടാമത്തെ റൌണ്ട് പ്രാമാണിക കേരളീയ സ്ത്രീത്വത്തിന്റെയും പൈതൃകത്തിന്റെയും കാലാതിവര്‍ത്തിയായ സൌന്ദര്യത്തിലേക്ക് മത്സരാര്‍ത്ഥികളെ കൊണ്ടുവരുന്നു. തെരേസാസ് ലണ്ടന്‍ അവതരിപ്പിക്കുന്ന ഈ വിഭാഗം സമ്പന്നമായ കേരള തനിമ, പാരമ്പര്യം, ഗുണരുചി, സംസ്‌കൃതി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മത്സരാര്‍ത്ഥികള്‍ ക്ലാസിക് മലയാളി സ്‌റ്റൈലിന്റെ സൌന്ദര്യം പ്രതിഫലിപ്പിക്കുന്ന മഹനീയമായ കേരളീയ പരമ്പരാഗത വേഷത്തില്‍ പ്രത്യക്ഷപ്പെടും. സമ്പന്ന കസവ് ഡ്രേപ്‌സ്, പരമ്പരാഗത സ്വര്‍ണ്ണാഭരണങ്ങള്‍, ക്ഷേത്രാഭരണങ്ങള്‍, മുല്ല പൂക്കള്‍, കരകൌശല വസ്തുക്കള്‍ എന്നിങ്ങനെ കേരളത്തിന്റെ രാജകീയ സാംസ്‌കാരിക പൈതൃകങ്ങളില്‍ നിന്ന് ആശയമുള്‍ക്കൊണ്ട് ഉത്സവാന്തരീക്ഷം പുന: സൃഷ്ടിക്കപ്പെടുന്ന അവതരണം ഈ റൌണ്ടിന്റെ പ്രത്യേകതയായിരിക്കും.
കേരളീയ ഓണ - ഉത്സവാഘോഷങ്ങളുടെ ഒരു പൂരമായി യുക്മ കേരളപൂരം വള്ളംകളി വേദിയെ മാറ്റുവാന്‍ ഓണച്ചന്തം സീസണ്‍ 2 അണിയറയില്‍ ഒരുങ്ങുകയാണ്. സൌന്ദര്യവും കലകളും നിറങ്ങളും ഭാവനയും പാരമ്പര്യവും ഫാഷനും സമന്വയിക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന മലയാളി വനിതകള്‍ ജൂണ്‍ 20 ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
യുക്മ - തെരേസാസ് ലണ്ടന്‍ ഓണച്ചന്തം സീസണ്‍ 2 സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
കമല്‍ രാജ് മാണിക്കത്ത് - +44 7774966980
റെയ്മോള്‍ നിധീരി - +44 7789149473
സ്മിത തോട്ടം - +44 7450964670
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)