
















തിരുവനന്തപുരം കട്ടേല സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി വി മുരളീധരന്‍ എംഎല്‍എ. കട്ടേല മോഡല്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് മിഠായിയും വാങ്ങിയാണ് പ്രവേശനോല്‍സവത്തിന് പോയതെന്നും പരിപാടി തുടങ്ങാറായതിനാല്‍ വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മിഠായി മേശതോറും ഒന്നിച്ചുനല്‍കുകയായിരുന്നുവെന്നും മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കി.
ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതിവിദ്വേഷത്തിന്റെ നിറംകൊടുക്കാന്‍ ശ്രമിച്ചതെന്നും എത്ര കൊടുംവിഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞുങ്ങളില്‍പോലും കുത്തിനിറയ്ക്കാന്‍ ശ്രമിച്ചതെന്നും വി മുരളീധരന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കുട്ടികള്‍ക്ക് മിഠായി തട്ടിക്കൊടുത്തു,
എംഎല്‍എയ്ക്ക് അയിത്തം !
ദേശാഭിമാനിയുടെ ക്യാപ്‌സൂള്‍ കൊള്ളാം !
കട്ടേല മോഡല്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് മിഠായിയും വാങ്ങിയാണ് ഞാന്‍ പ്രവേശനോല്‍സവത്തിന് പോയത് എന്നത് വസ്തുതയാണ്.
മറ്റാരും വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചതല്ല.
അവിടെ ചെന്നപ്പോള്‍ മന്ത്രി എത്തി,
പരിപാടി തുടങ്ങാറായി.
വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും.
കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവര്‍ക്ക് കൊടുക്കണമല്ലോ.
വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേശ തോറും ഒന്നിച്ച് നല്‍കി..!
ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചത്.
എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞുങ്ങളില്‍പ്പോലും കുത്തി നിറയ്ക്കാന്‍ ശ്രമിച്ചത് എന്ന് നോക്കൂ.
ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങള്‍ !
തിരഞ്ഞെടുപ്പില്‍ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം !
NB : നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് ''സംസ്‌ക്കാരം'' പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ല.
പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന കട്ടേല സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ മുരളീധരന്‍. കുട്ടികളുടെ കൈയിലേക്ക് മിഠായി നല്‍കാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഉദ്ഘാടകയായ മന്ത്രി കെ എ തുളസി നോക്കി നില്‍ക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവേചനപരമായ നടപടിയെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വി മുരളീധരന്‍ കുട്ടികളോട് പരസ്യമായി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു.