
















എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പൂര്‍ണ്ണമായും അനുകൂലിച്ചും നവീന്‍ ബാബുവിനെ വിമര്‍ശിച്ചും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി ഹര്‍ഷകുമാര്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഹര്‍ഷകുമാറിന്റെ പ്രതികരണം. നവീന്‍ ബാബു മാനസിക ദൗര്‍ബല്യം കൊണ്ട് ആത്മഹത്യ ചെയ്തതിന് ദിവ്യയെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സംഭവത്തില്‍ ദിവ്യ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മക്കളെയും ഭാര്യയെയും ഓര്‍ക്കാതെ ഒറ്റയടിക്ക് ആത്മഹത്യ ചെയ്യണമെങ്കില്‍ ഏതുതരം മനസ്സാണ് നവീന്‍ ബാബുവിന് ഉണ്ടായിരുന്നതെന്ന് ഹര്‍ഷകുമാര്‍ വീഡിയോയില്‍ ചോദിക്കുന്നു.
'പി.പി. ദിവ്യ തെറ്റുകാരി എന്ന് പറയുന്ന സിദ്ധാന്തത്തോട് യോജിക്കാന്‍ കഴിയില്ല. മരിച്ച ആള്‍ കുറ്റബോധം കൊണ്ട് ജീവിതം അവസാനിപ്പിച്ചു എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അന്വേഷണം ഉണ്ടാകില്ലേ?' ഹര്‍ഷകുമാര്‍ പറഞ്ഞു.
പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി പി.പി ദിവ്യ നിരന്തരം ശുപാര്‍ശ ചെയ്തിട്ടും നവീന്‍ ബാബു അക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും പിന്നീട് ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് അനുമതി നല്‍കുകയാണുണ്ടായതെന്നും ഹര്‍ഷകുമാര്‍ ചൂണ്ടിക്കാട്ടി. ഈ അനുമതി നല്‍കിയത് പി.പി ദിവ്യ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ അനഭലഷണീയമായ മാര്‍ഗ്ഗത്തിലൂടെയാണ് ഈ അനുമതി നല്‍കിയതെന്ന് ദിവ്യ കരുതിയതായും അദ്ദേഹം പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ ഉമ്മാക്കി എന്ന് വിശേഷിപ്പിച്ച ഹര്‍ഷകുമാര്‍ അത്തരം ഭീഷണികളൊന്നും നിലനില്‍ക്കാന്‍ പോകുന്നില്ലെന്നും വീഡിയോയില്‍ പറയുന്നു.