
















കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും ഭക്ത്യാഘോഷമായി നടത്തപ്പെടുന്ന വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ജൂലൈ 18 ന് ശനിയാഴ്ച്ച ഭക്തിനിര്‍ഭരമായി കൊണ്ടാടും. തീര്‍ത്ഥാടന ശുശ്രുഷകളുടെയും തിരുക്കര്‍മ്മങ്ങളുടെയും സമയക്രമം പ്രസിദ്ധീകരിച്ചു. പ്രസുദേന്തിമാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്ററിലെ QR കോഡ് സ്‌കാന്‍ ചെയ്ത് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ജൂലൈ 18 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ പ്രാര്‍ത്ഥനയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയന്‍ പ്രഭാഷണം നല്‍കും. (10:15 ). പതിനൊന്നു മണിക്ക് തിരുന്നാള്‍ കൊടിയേറ്റ്.തുടര്‍ന്ന് 12:30 ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം ഒന്നേമുക്കാലിന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹബലി അര്‍പ്പിക്കും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താം തവണയാണ് തീര്‍ത്ഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ മരിയന്‍ സംഗമവേദിയായാണ് വാത്സിങ്ങാം തീര്‍ത്ഥാടനം ശ്രദ്ധിക്കപ്പെടുന്നത്. ഈ വര്‍ഷം വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസസമൂഹമാണ്.
വര്‍ദ്ധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നില്‍ക്കണ്ടു കൊണ്ട് തീര്‍ത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഇടവകകളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളില്‍ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ ഒരുമിച്ചു യാത്ര ചെയ്തു എത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീര്‍ത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.
ഇംഗ്ലണ്ടിലെ സീറോ മലബാര്‍ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയന്‍ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 AM - സപ്രാ, ആരാധന
10:15 - മരിയന്‍ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)
11:00 - കൊടിയേറ്റ്
12:00 - പ്രസുദേന്തി വാഴിയ്ക്കല്‍ .
12:30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 - ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാന- മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
15:45 - നന്ദി പ്രകാശനം
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL