
















വൈക്കിംഗ്‌സ് ആവേശത്തെ തല്ലിക്കെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലില്‍. ബ്രസീലിനെ വീഴ്ത്തിയെത്തിയ നോര്‍വെ ഇംഗ്ലണ്ടിനെതിരെ ഭയമില്ലാതെ കളിച്ചപ്പോള്‍ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഡബിളാണ് അവരുടെ ആദ്യ സെമി ഫൈനല്‍ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത്.
മയാമിയില്‍ ഇംഗ്ലണ്ടിന് ഒത്ത പോരാളികളായി നോര്‍വെ മാറ്റുരച്ചെങ്കിലും ഒരു ഗോളിന്റെ വ്യത്യാസത്തില്‍ 2-1ന് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. 2026 ലോകകപ്പില്‍ ആരാധകര്‍ക്ക് ആവേശം സമ്മാനിച്ച എര്‍ലിംഗ് ഹാലണ്ടിന്റെ ടീമിന് ഒട്ടും ആഗ്രഹിക്കാത്ത പര്യവസാനമാണ് ലഭിച്ചത്.
ഇംഗ്ലണ്ടാകട്ടെ മറുഭാഗത്ത് കൃത്യമായ ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങിയത്. നോര്‍വെയ്ക്ക് ഡിഫന്‍സില്‍ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് അവര്‍ സമ്മാനിച്ചത്. നോര്‍വെയും അമിത ആവേശം കാണിക്കാതെ കളി മുന്നോട്ട് നയിച്ചു. എന്നാല്‍ ആന്‍ഡ്രിയാസ് ഷെല്‍ഡെറപ് 36-ാം മിനിറ്റില്‍ നോര്‍വെയ്ക്ക് ലീഡ് നല്‍കി. പത്ത് മിനിറ്റോളം ഇത് നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ജൂഡ് ബെല്ലിംഗ്ഹാം മറുപടി നല്‍കി. 
നോര്‍വെയുടെ വൈക്കിംഗ് പോരാളി ഹാലണ്ടിന്റെ എല്ലാ അര്‍ത്ഥത്തിലും പൂട്ടുകയായിരുന്നു രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് പട ചെയ്തത്. എന്നിട്ടും ഇംഗ്ലണ്ടിനെ നോവിക്കാന്‍ നോര്‍വെ വഴികള്‍ കണ്ടെത്തി. ടോര്‍ബോണ്‍ ഹെഗെം ഗോള്‍ നേടിയെങ്കിലും വിഎആറില്‍ ഹാലണ്ടിന്റെ ഫൗള്‍ കണ്ടെത്തിയതോടെ ഇത് നിഷേധിച്ചു. ഇതിനിടയില്‍ ഹാലണ്ട് ഗോള്‍വല കുലുക്കാതിരിക്കാന്‍ ഇംഗ്ലണ്ട് എല്ലാം ചെയ്തു.
ഒടുവില്‍ നോര്‍വെയെ വീഴ്ത്താനുള്ള അവസരം ഇംഗ്ലണ്ടിന് വീണുകിട്ടു. നോര്‍വെ ഗോള്‍കീപ്പറുടെ ഒരു അശ്രദ്ധയാണ് ബെല്ലിംഗ്ഹാമിന്റെ കൈയിലേക്ക് വീണ്ടും ബോളെത്തിച്ചത്. രണ്ടാമത് പന്ത് കിട്ടിയ ബെല്ലിംഗ്ഹാം ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു. 93-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ പിറന്നു. അവസാന നിമിഷങ്ങളിലും നോര്‍വെ വൈക്കിംഗ്‌സ് വിശ്രമിച്ചില്ല. ഇംഗ്ലീഷ് ഡിഫന്‍സിന് അസാമാന്യമായ ജോലിയും, രക്ഷപ്പെടുത്തലും. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 2-1ന് സെമിയില്‍.
നോര്‍വെയെ സംബന്ധിച്ചും ഈ ലോകകപ്പ് അഭിമാനത്തിന്റേതാണ്. ഗ്രൂപ്പ് ഘട്ടം മാത്രം കടന്നുകിട്ടിയാല്‍ മതിയെന്ന് പ്രതീക്ഷിച്ച ഒരു ടീം, ബ്രസീലിനെ വീഴ്ത്തി, ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ അധിക സമയ കളിയിലേക്ക് വരെ എത്തിച്ചാണ് മടങ്ങുന്നത്, തലയുയര്‍ത്തി തന്നെ.