
















ലണ്ടന്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്ന നടപടിയാണ് ഇതെന്നും രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങളെ അറസ്റ്റും ബലപ്രയോഗവും ഉപയോഗിച്ച് നേരിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ചാപ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥി-യുവജന പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സമരപരിപാടികള്‍ തുടരുകയാണ്.
സമാധാനപരമായ പ്രതിഷേധം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിന് പകരം അവരുടെ ആശങ്കകള്‍ കേട്ട് ജനാധിപത്യപരമായ സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായ പ്രതിപക്ഷ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയല്‍, വൈസ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, അപ്പ ഗഫൂര്‍, ഇന്‍സണ്‍ ജോസ്, അശ്വതി നായര്‍, ജനറല്‍ സെക്രട്ടറിമാരായ അഷ്‌റഫ് അബ്ദുല്ല, അജിത് വെണ്മണി, സുരാജ് കൃഷ്ണന്‍, ബിനോ ഫിലിപ്പ്, സെക്രട്ടറിമാരായ സന്തോഷ് ബെഞ്ചമിന്‍, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര , (മീഡിയ ഇന്‍ചാര്‍ജ്) ബോബിന്‍ ഫിലിപ്പ് ,, മെബിന്‍ ബേബി, ട്രഷറര്‍ ബിജു ജോര്‍ജ്, വനിതാ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ജെന്നിഫര്‍ ജോയ്, പി.ആര്‍.ഒ അജി ജോര്‍ജ്, യൂത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം മറ്റപ്പള്ളില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുനില്‍ രവീന്ദ്രന്‍, അരുണ്‍ പൗലോസ്, റോണി ജേക്കബ്, ഷോബിന്‍ സാം, ലിജോ കെ. ജോഷ്വ എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.അതെ സമയം ഇന്ന് വൈകിട്ട് 6 മണിക്ക് ലണ്ടനിലുള്ള പാര്‍ലമെന്റ് സ്‌ക്വയറില്‍ ഇന്ധ്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും