
















ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ഏറ്റവും വലിയ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ നിരവ് മോദി ഇപ്പോഴും ഇന്ത്യന്‍ ഏജന്‍സികളുടെ വല ഭേദിച്ച് യുകെയില്‍ തുടരുകയാണ്. കോടതിയില്‍ പ്രഥമദൃഷ്ട്യാ കേസ് വ്യക്തമായതോടെ 2021 ഏപ്രില്‍ മാസം ഇയാളെ നാടുകടത്താനുള്ള തീരുമാനമെടുത്തിട്ടും ഇപ്പോഴും നിരവ് യുകെയില്‍ തങ്ങുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന് ഉത്തരവില്‍ ഒപ്പുവെച്ച അന്നത്തെ ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പിന് നേതൃത്വം നല്‍കിയ വജ്രവ്യാപാരിയെ നാടുകടത്തി കിട്ടാന്‍ വൈകുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ രോഷത്തിലാണെന്ന് ഇപ്പോള്‍ ഷാഡോ ഫോറിന്‍ സെക്രട്ടറിയായ പട്ടേല്‍ സമ്മതിക്കുന്നു. ലണ്ടനിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ ഒഴിച്ച് കഴിഞ്ഞ നിരവ് മോദിയെ 2019 മാര്‍ച്ചിയാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തത്.
'നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ നടപടിക്രമങ്ങളും, കാരണങ്ങളും പറഞ്ഞ് സമയം കളയാതിരുന്നെങ്കില്‍ അയാള്‍ ഇപ്പോള്‍ ഈ രാജ്യത്ത് കാണില്ലായിരുന്നു. നിരവ് ഇപ്പോഴും യുകെയിലുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. നമുക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റിന് തോന്നാന്‍ സാധ്യതയുണ്ട്', അവര്‍ സമ്മതിക്കുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 2 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയതും, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിയിലായ 55-കാരന്‍ ജ്വല്ലര്‍ ഇപ്പോള്‍ ലണ്ടന്‍ ജയിലിലാണുള്ളത്. യുകെയിലെ നിയമനടപടികളെല്ലാം അവസാനിച്ചതോടെ ഫ്രാന്‍സിലെ യൂറോപ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കോടതിയുടെ കനിവ് തേടിയെങ്കിലും നിരവിന്റെ അപേക്ഷ തള്ളി. ഇതോടെ ഇയാളെ അധികം വൈകാതെ നാടുകടത്തുമെന്നാണ് കരുതുന്നത്.