
















സ്‌കോട്‌ലാന്‍ഡിലെ മദര്‍വെല്ലില്‍ പ്രവാസി സീറോ മലബാര്‍ സമൂഹത്തിന്റെ വിശ്വാസചരിത്രത്തിലെ അവിസ്മരണീയ ദിവസമാണ് കടന്നുപോയത്. കാല്‍നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്‌കോട്‌ലാന്‍ഡിലെ ആദ്യത്തെ സീറോ മലബാര്‍ ദൈവാലയമായ 'മര്‍ത്ത് മറിയം' (സെന്റ് മേരീസ്) സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമര്‍പ്പിക്കപ്പെട്ടു.
പ്രവാസജീവിതത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച ഒരു തലമുറയുടെ പ്രാര്‍ത്ഥനകള്‍ക്ക് ലഭിച്ച ദൈവികമായ അനുഗ്രഹമെന്നും ഈ ദേവാലയത്തെ വിശേഷിപ്പിക്കാം.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച കൂദാശാ ശുശ്രൂഷയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ഈ നേട്ടത്തോടെ യുകെയിലെ സീറോ മലബാര്‍ സഭയുടെ ഏഴാമത്തെ സ്വന്തം ദൈവാലയവും, സ്‌കോട്‌ലാന്‍ഡിലെ ആദ്യത്തെ സീറോ മലബാര്‍ ദൈവാലയവും എന്ന ചരിത്രം എഴുതപ്പെട്ടിരിക്കുകയാണ്.
2002-ല്‍ കാംബസ്ലാങ്ങിലെ സെന്റ് ബ്രൈഡ്സ് ദൈവാലയത്തില്‍ ഏതാനും കുടുംബങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനാസംഗമമാണ് ഇന്ന് ഈ ദേവലയത്തിലേക്ക് എത്തിയിരിക്കുന്നത്.
മര്‍ത്ത് മറിയം ദൈവാലയത്തെ സ്‌കോട്‌ലാന്‍ഡിലെ ആദ്യത്തെ ഔദ്യോഗിക സീറോ മലബാര്‍ ഇടവകയായി ഉയര്‍ത്തി.രൂപതാ ചാന്‍സലര്‍ റവ. ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേള്‍പ്പിച്ചു. തുടര്‍ന്ന് റവ. ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ (സുനിലച്ചന്‍) ഇടവകയുടെ പ്രഥമ വികാരിയായി നിയമിതനായി.
വിശ്വാസികളുടെ പ്രാര്‍ത്ഥനകളും ഉദാരമായ സംഭാവനകളും സന്നദ്ധപ്രവര്‍ത്തകരുടെ അക്ഷീണ അധ്വാനവും കുടുംബങ്ങളുടെ ത്യാഗവും ചേര്‍ന്നാണ് ഈ ദൈവാലയം യാഥാര്‍ഥ്യമായത്.

റവ. ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വത്തോടൊപ്പം മുന്‍ വൈദികരായ റവ. ഫാ. സെബാസ്റ്റ്യന്‍ കല്ലത്ത് വി.സി, റവ. ഫാ. ജോസഫ് വെമ്പാടംതറ വി.സി, റവ. ഫാ. ജോണി വെട്ടിക്കല്‍ വി.സി എന്നിവരുടെ നിസ്വാര്‍ഥ സേവനവും ഈ നേട്ടത്തിന് ശക്തമായ അടിത്തറയായി.
ചടങ്ങില്‍ മദര്‍വെല്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് ടോള്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെയും മദര്‍വെല്‍ രൂപതയിലെയും നിരവധി വൈദികര്‍, നോര്‍ത്ത് ലാനാര്‍ക്ക്ഷെയര്‍ പ്രൊവോസ്റ്റ് കെന്നത്ത് ഡഫി, എം.എസ്.പി ക്ലെയര്‍ ആഡംസണ്‍, എം.പിമാരായ പമേലാ നാഷ്, ഡേവിഡ് ഡേ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികള്‍, സ്‌കോട്‌ലാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.
കൂദാശാ ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുമോദന സമ്മേളനം ഡോ. ക്രിസ് കുര്യന്‍, ഡോ. ഷെറിന്‍ ജെയ്സണ്‍ എന്നിവര്‍ ഏകോപിപ്പിച്ചു. വിശിഷ്ടാതിഥികള്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഇന്ന് മദര്‍വെല്ലിന്റെ അഭിമാനമായി ഉയര്‍ന്നുനില്‍ക്കുന്ന മര്‍ത്ത് മറിയം സീറോ മലബാര്‍ ദൈവാലയം പ്രവാസി വിശ്വാസ സമൂഹത്തിന്റെ ഒത്തൊരിമുച്ചുള്ള പ്രവര്‍ത്തനങ്ങളുടേയും വിശ്വാസത്തിന്റെയും പ്രതീകമാണ്.