CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 24 Seconds Ago
Breaking Now

തീര്‍ത്ഥാടക സഹസ്രങ്ങളെ സാക്ഷിയാക്കി വാത്സിങ്ഹാം മാതാവിനുള്ള 'ട്രൈബ്യുട്ട്' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു; രചയിതാവ്, ഹിന്ദി ഭാഷയിലും വ്യക്തിമുദ്ര പതിപ്പിച്ച ഫാ.ബാബു ജോണ്‍

വാത്സിങ്ഹാം: ഇംഗ്‌ളണ്ടിലെ നസ്രത്തും, അനുഗ്രഹങ്ങളുടെ പറുദീസയുമായ വാത്സിങ്ഹാം തീര്‍ത്ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ അമ്മക്കുള്ള പ്രകീര്‍ത്തന ഗാനവുമായി ഫാ.ബാബു ജോണ്‍ ചിരിയങ്കണ്ടത്ത്.ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പത്താമത് വാത്സിങ്ഹാം തീര്‍ത്ഥാടന വേളയിലാണ് ബാബു അച്ചന്റെ പരിശുദ്ധ അമ്മക്കുള്ള പ്രകീര്‍ത്തന ഗാനത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. വാത്സിങ്ഹാം മാതാവിന്റെ പരിപാവന സന്നിധിയില്‍  തീര്‍ത്ഥാടകരായ ജന സഹസ്രങ്ങളെ സാക്ഷി നിറുത്തി സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. വാല്‍സിംഗാം മാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ഈ മനോഹരമായ വഴിപാടിനെ അനുഗ്രഹിക്കുന്നതിലും അഭിനന്ദിക്കുന്നതിലും ബസിലിക്കയുടെ   റെക്ടര്‍ റവ. ഡോ. റോബര്‍ട്ട് ബില്ലിംഗിന്റെ സാന്നിധ്യം ഈ അവസരത്തിന് കൂടുതല്‍ അനുഗ്രഹദായകമായി.തീര്‍ത്ഥാടകര്‍ ഏറെ കയ്യടിയോടെയും, ഭക്തിപാരമ്യതയിലുമാണ് ഈ ഗാനം ഏറ്റെടുത്തത്.

ഈ ഗാനത്തിന് പിന്നിലെ പ്രചോദനം തന്നെ വിശ്വാസത്തിന്റെ മനോഹരമായ ഒരു സാക്ഷ്യമാണ്. വാല്‍സിംഗാമിലെ നാഷണല്‍ കാത്തലിക് ബസിലിക്കയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശന വേളയില്‍, ആഴമായ സമാധാനവും, മാതൃസ്‌നേഹവും അച്ചന്‍ അനുഭവിച്ചിരുന്നുവത്രേ. വിശുദ്ധമായ അന്തരീക്ഷവും, പരിശുദ്ധ മാതാവിന്റെ സ്‌നേഹനിര്‍ഭരമായ സാന്നിധ്യവും ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുകയും, തന്റെ സംഭാവനയായി എന്തെങ്കിലും പരിശുദ്ധ അമ്മക്കായി നല്‍കാന്‍ അദമ്യമായ ആഗ്രഹത്താല്‍ അദ്ദേഹം പ്രചോദിതനാവുകയായിരുന്നു. ആ ആത്മീയ കൂടിക്കാഴ്ചയാണ് ഈ ഭക്തി മാസ്റ്റര്‍പീസിന്റെ വിത്തായി മാറിയത്, ഓരോ തീര്‍ത്ഥാടകനെയും തന്റെ ദേവാലയത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്ന അമ്മയ്ക്കുള്ള ഹൃദയംഗമമായ ട്രൈബ്യുട്ടായാണ് ഗാനം എഴുതി സംഗീതം നല്‍കിയിരിക്കുന്നത്.

ദൈവകൃപയായി നല്‍കപ്പെട്ട മികവില്‍ രൂപപ്പെട്ട ഭക്തിഗാന രചനയ്ക്കും അതിന്റെ ആകര്‍ഷകമായ സംഗീതത്തിനും ഫാ. ബാബു ജോണ്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയായിരുന്നു. ബാബു അച്ചന്റെ തീര്‍ത്ഥാടക  ഹൃദയത്തില്‍ ജനിച്ച പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും നന്ദിയും, തന്റെ തൂലികയിലൂടെ  പകര്‍ത്തി സ്വയം സംഗീതം നല്‍കിയ ഈ പ്രകീര്‍ത്തന ഗാനം ദൈവമാതാവിനെ ആദരിക്കാന്‍ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വസ്ത തീര്‍ത്ഥാടകര്‍ക്ക് മുമ്പാകെ പ്രകാശനം നിര്‍വ്വഹിക്കുവാന്‍ സാധിച്ചുവെന്നത്  ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൊന്നായി മാറിയതായി ബാബു അച്ചന്‍ പറഞ്ഞു.

 വിശ്വാസവും ആത്മീയതയും കൊണ്ട് സമ്പന്നമായ ഈ വരികള്‍, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിലുള്ള സ്‌നേഹം, സ്തുതി, കൃതജ്ഞത, പൂര്‍ണ്ണ വിശ്വാസം എന്നിവ ഏറെ മനോഹരമായി പ്രകടിപ്പിക്കുന്നതാണ് . ഓരോ വരിയും ഒരു തീര്‍ത്ഥാടകന്റെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഭക്തിയും നന്ദിയും പ്രതിഫലിപ്പിക്കുന്നുവന്നു തന്നെ പറയാം. ഈ പ്രകീര്‍ത്തന ഗാനത്തിന്റെ ഈണവും സംഗീത രചനയും ഒരുപോലെ ആകര്‍ഷകമാണ്. സൗമ്യവും എന്നാല്‍ ശക്തവുമായ ഈണത്താല്‍, ഈ ഗാനം ശ്രോതാക്കളെ പ്രാര്‍ത്ഥനയിലേക്ക് ക്ഷണിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ആഴമായ ഭക്തിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. അതിന്റെ ലാളിത്യം, സൗന്ദര്യം, ആത്മീയ ആഴം എന്നിവ നിരവധി കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ക്കും പ്രിയപ്പെട്ട മരിയന്‍ ഗാനമായി മാറും എന്ന് തീര്‍ച്ച.

വിശ്വാസവും സ്‌നേഹവും നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ജനിച്ച യഥാര്‍ത്ഥ പ്രാര്‍ത്ഥനയ്ക്ക്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്‌നേഹനിര്‍ഭരമായ മധ്യസ്ഥതയിലൂടെ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും എണ്ണമറ്റ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനും ശക്തിയുണ്ടെന്ന മനോഹരമായ ഓര്‍മ്മപ്പെടുത്തലായി വാല്‍സിംഗാമിലെ ഈ മരിയന്‍ ഗാനത്തിന്റെ പ്രകാശനം നിലകൊള്ളുന്നു.  ആത്മീയ സമ്പന്നമായ നിരവധി ഗാനങ്ങള്‍ രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുള്ള അച്ചന്‍ ഹിന്ദി ഭാഷയില്‍ അടക്കം വലിയ സംഭാനകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പലതും ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ പ്രചുര പ്രചാരത്തിലുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍  കേംബ്രിഡ്ജ് റീജണിലെ കിങ്സ്ലിന്‍ സേക്രഡ് ഹാര്‍ട്ട് മിഷനിലും, ബോസ്റ്റണിലെ മാര്‍ യൗസേപ്പ് പ്രൊപോസ്ഡ് മിഷനിലും, മിഷന്‍ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ.ബാബു ജോണ്‍ ചിരിയങ്കണ്ടത്ത്, റീജണിലെ മെന്‍സ് ഫോറം, സാവിയോ ഫ്രണ്ട്സ്, ചെറുപുഷ്പ മിഷന്‍ ലീഗ് എന്നിവയുടെ ഡയറക്ടറുമാണ്.

ഫാ. ബാബു ജോണ്‍ ചിരിയങ്കണ്ടത്തിന്റെ ജീവിതയാത്ര

തൃശൂര്‍ അതിരൂപതയിലെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇവകാംഗമായിരുന്നു ബാബു അച്ചന്റെ കുടുംബം. ചിരിയങ്കണ്ടത്ത് അച്ചന്‍ കുടുംബത്തോടൊപ്പം. പിന്നീട് പുതുതായി രൂപീകരിച്ച മണലൂര്‍ വെസ്റ്റ്, സെന്റ് ജോസഫ് ഇടവകയിലേക്ക് മാറിയിരുന്നു. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇടവകയിലായിരിക്കുമ്പോളാണ് ദൈവിളി ലഭിച്ച ബാബു ജോണ്‍, സാഗര്‍ രൂപതക്കായി വൈദിക പഠനത്തിന് ചേര്‍ന്നത്.  മണലൂര്‍ സെന്റ് മേരീസ് ഇടവകയിലെ ഒരു സാധാരണ കുടുംബമായ ചിരിയങ്കണ്ടത്തില്‍ ജോണിയുടെയും മണലൂര്‍ സെന്റ് ഇഗ്നേഷ്യസ് ഇടവകാംഗമായ ചാഴൂര്‍ തട്ടുപറമ്പില്‍ ത്രേസ്യാകുട്ടിയുടെയും  ഏക  മകനായ ബാബു ജോണ്‍  അച്ചന് രണ്ടു  സഹോദരിമാരാണുള്ളത്. വിവാഹിതരായി തറവാടിനടുത്തു തന്നെ കുടുംബ ജീവിതം നയിക്കുന്ന റാണി, ഷീല എന്നിവരാണ് സഹോദരിമാര്‍.വിവിധങ്ങളായ സാധാരണ  ജോലികള്‍ ചെയ്തിരുന്ന പിതാവ് ഉപജീവന മാര്‍ഗ്ഗമായി മുഖ്യമായും മീന്‍ പിടുത്ത ജോലിയാണ് നടത്തിയിരുന്നത്.

1992 ല്‍ സാഗര്‍ രൂപതക്കായി ഉജ്ജയ്യിനിലുള്ള ഗോസല എന്ന സ്ഥലത്തുള്ള മൈനര്‍ സെമിനാരിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പാട്ടിനോടുള്ള ഭ്രമം മൂത്ത് അക്കാലത്ത് ഒരു 'വാക് മാന്‍' വാങ്ങുവാന്‍ പോയപ്പോള്‍ ഉണ്ടായ വാഹന അപകടത്തില്‍ കാലൊടിഞ്ഞു ചികിത്സകള്‍ കഴിഞ്ഞു ആറുമാസത്തോളം താമസിച്ചാണ് ഉജ്ജയിനിലെ രാജ്ഘട്ട് സെമിനാരിയില്‍ തുടര്‍ പഠനത്തിനായി അച്ചന്  പോകുവാന്‍ ആയത്. തുടര്‍ന്ന് പൂനാ പേപ്പല്‍ സെമിനാരിയില്‍ നിന്നും ഫിലോസഫിയില്‍ ബിരുദം നേടിയ ബാബു അച്ചന്‍ തുടര്‍ന്ന് കജൂരിയാ എന്ന സ്ഥലത്തുള്ള സാഗര്‍ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ റീജന്‍സിക്കായി ചേരുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കാരുണ്യ ക്രിസ്തുവിന്റെ പൂര്‍ണ്ണകായ  പ്രതിമയിലൂടെ  ഖ്യാതി നേടും, ഒട്ടേറെ അനുഗ്രഹങ്ങള്‍ക്ക് വിളനിലയമാവുകയും ചെയ്യുന്ന  ഈ സ്ഥലം 'ദയാ സാഗര്‍' എന്ന പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയും ചെയ്തു.

ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ തുടര്‍ വൈദിക പഠനം നടത്തിയ ബാബു അച്ചന്‍ 2003 ഏപ്രില്‍ ഒന്നിന് സാഗര്‍ രൂപതയുടെ വിദിഷാ ജില്ലയിലെ വിമല മാതാ ദേവാലയത്തില്‍ വെച്ച് ദിവംഗതനായ ജോസഫ്   നീലങ്കാവില്‍ പിതാവിന്റെ കൈവെപ്പു ശുശ്രുഷയിലൂടെ വൈദിക തിരുപ്പട്ടം സ്വീകരിച്ചു വൈദികനായി.

പരിശുദ്ധാത്മാവിന്റെ ചൈതന്യത്തില്‍ ആദ്യമായി ഒരു അഭിഷേക ഗാനം ഹിന്ദിയില്‍  രചിക്കുകയും തന്റെ പട്ടത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ആ ഗാനം ഗായക സംഘം  ആലപിക്കുകയും, എല്ലാവരുടെയും അഭിനന്ദനങ്ങളും കൂടി ചേര്‍ന്നപ്പോള്‍ അവിചാരിതമായാണ് തന്നിലെ രചയിതാവിനെയും മ്യൂസിഷ്യനെയും  കണ്ടെത്തുവാനായതെന്നു അച്ചന്‍ പറയുന്നു. 'ആത്മാ പാവനാത്മാ' എന്ന ഈ ഗാനം അദ്ദേഹത്തിന്റെ കാസറ്റിലുണ്ട്.

ബാബു ജോണ്‍ അച്ചന്‍ പിന്നീടിറക്കിയ കരുണാ സാഗര്‍, പ്രേഷിത് , ഹല്ലേലൂയ്യ, ഹെ പിതാഹമാരെ തുടങ്ങി ഹിന്ദിയില്‍ രചിച്ചു സംഗീതം നല്‍കിയ പല ഭക്തിഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം നജീബ് ആലപിച്ച ഹിന്ദി ഗാനവും അദ്ദേഹത്തിന്റെ കാസറ്റിലുണ്ട്  കെസ്റ്റര്‍ , അഫ്‌സല്‍, രാധികാ തിലക്, എലിസബത്ത് രാജു, അല്‍ഫോന്‍സ്, സിതാര, മരിയ, സിലിസ്റ്റന്‍, ജിപ്‌സണ്‍, ജോബി, ഫാ ജോസഫ് അരീക്കാട്, മഞ്ജു, പ്രമുഖ ഹിന്ദി ഗായകനായ ദിലീപ് ബോസ്, സിസ്റ്റര്‍ ലിന്‍ഡ അടക്കം നിരവധി പ്രഗത്ഭരായ ഗായകര്‍ അച്ചന്റെ  കാസറ്റുകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഡിവൈന്‍ വോയ്സ്  മ്യൂസിക്കല്‍ മിനിസ്ട്രീസ്, സാഗര്‍ എന്ന പ്ലാറ്റ്ഫോമിലാണ് കാസറ്റുകള്‍ ഇറക്കുവാന്‍ അച്ചന്‍ ആരംഭിച്ചത്. നവാഗതരായ കലാകാര്‍ക്കു  രചനകള്‍ക്ക് വേദിയായായാണ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചത് എന്ന് അച്ചന്‍ പറഞ്ഞു. മേരാ യേശു ജബ് സാത്ത്,  സമ്പൂര്‍ണ ഹൃദയസേ അടക്കം നിരവധി ഗാനങ്ങള്‍ക്ക് മ്യൂസിക്ക്  കൊടുക്കുവാനും ബാബു അച്ചന്  സാധിച്ചിട്ടുണ്ട്. നിരവധി പുതിയ ഗാനങ്ങള്‍ ഇപ്പോഴും പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണെന്നും, സാമ്പത്തിക പരിമിതികള്‍ മൂലം അവ പുറത്തിറക്കാന്‍ കഴിയാത്തത് വലിയ വേദനയാണെന്നും ഫാ. ബാബു ജോണ്‍ പങ്കുവെക്കുന്നു.

ദൈവീക വരദാനമായി ബാബു അച്ചന് ലഭിച്ച മികച്ച സംഗീത ശുശ്രൂഷകളിലൂടെ, പരിശുദ്ധ കന്യകാമറിയത്തോടും സുവിശേഷത്തോടുമുള്ള ആഴമായ സ്‌നേഹം വളര്‍ത്തിയെടുക്കുവാനും, ആളുകളെ ക്രിസ്തുവിലേക്ക് കൂടുതല്‍ അടുപ്പിക്കുവാനും സാധിക്കട്ടെ.   

Appachan Kannanchira 




കൂടുതല്‍വാര്‍ത്തകള്‍.