
















എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കമാന്‍ഡിന് വാക്കാല്‍ വിശദീകരണം നല്‍കി സേവാദള്‍ നേതൃത്വം. സേവാദള്‍ അധ്യക്ഷന്‍ ബിവി ശ്രീനിവാസും, മുന്‍ അധ്യക്ഷന്‍ ലാല്‍ജി ദേശായിയും കാര്യങ്ങള്‍ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന നിര്‍ദേശം ഗായക സംഘത്തിന് നല്‍കാന്‍ വിട്ടുപോയെന്നാണ് നേതൃത്തിന് നല്‍കിയ വിശദീകരണമെന്നാണ് സൂചന.
അതിനിടെ വന്ദേഭാരതം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ ബി ജെ പിയില്‍ ആലോചന ശക്തമാണ്. വിശ്വഹിന്ദ് പരിഷത്തും അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്നും വന്ദേമാതരം പാടി തീരാനെടുക്കുന്ന സമയം വരെ സോണിയക്ക് കാത്തിരിക്കാമായിരുന്നെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജയിന്‍ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിനത്തില്‍ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ എ ഐ സി സി ആസ്ഥാനത്ത് പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെട്ടിലായിട്ടുണ്ട്. സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ട് തടയാന്‍ നോക്കിയെങ്കിലും ദേശീയഗീതം, ഗായക സംഘം പൂര്‍ണ്ണമായും ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങള്‍ കഴിഞ്ഞും ആലാപനം തുടര്‍ന്നതോടെ നേതാക്കള്‍ അസ്വസ്ഥരായി. ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ലെന്ന സൂചനയോടെ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും നോക്കി. ഈ സമയം മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഇടപെട്ടു. സേവാദള്‍ നേതാവിനെ വിളിച്ച് സോണിയ ശകാരിക്കുന്നതും കാണാമായിരുന്നു. മുന്‍പിലുണ്ടായിരുന്ന നേതാക്കളോടും ആലാപനം നിറുത്താന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഏതാണ്ട് അവസാന ചരണമെത്തിയിരുന്നു. കടുത്ത അതൃപ്തിയിലാണ് നേതാക്കള്‍ പിന്നീട് ചടങ്ങില്‍ പങ്കെടുത്തത്. വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കാനിടയായ സാഹചര്യമെന്തെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ല.