
















ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പുതിയ ജീവിതം ആരംഭിക്കാന്‍ പോയ 20കാരിയായ യുവതിയെ അതേ കാമുകന്‍ കൊലപ്പെടുത്തിയതായി പോലീസ്. ബിഹാറിലെ നവാഡ സ്വദേശിനിയായ ഛോട്ടി ഉപാധ്യായയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകനായ റിഷഭ് കുമാര്‍ സിങ്ങിനെ വാരണാസിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.ദാദ്ര നഗര്‍ ഹവേലിയിലെ സില്‍വാസയിലാണ് കൊലപാതകം നടന്നത്. യുവതിയുടെ മൃതദേഹം ട്രോളി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച ശേഷം മുറി പൂട്ടി പ്രതി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഛോട്ടി നേരത്തെ വിവാഹിതയായിരുന്നു. അതേ ഗ്രാമത്തില്‍ നിന്നുള്ള റിഷഭുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ഇരുവരും നാടുവിട്ട് സില്‍വാസയിലെത്തുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ബന്ധത്തെ ഇരുകുടുംബങ്ങളും എതിര്‍ത്തിരുന്നു. റിഷഭിനെതിരെ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.
വിവാഹശേഷം നാട്ടിലേക്ക് മടങ്ങണമെന്ന് ഛോട്ടി നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ജൂണ്‍ 9ന് രാവിലെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. അന്ന് വൈകിട്ട് പ്രകോപിതനായ റിഷഭ് ഛോട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് മൃതദേഹം കയറുകൊണ്ട് കെട്ടി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ട്രോളി സ്യൂട്ട്കേസിനുള്ളില്‍ ഒളിപ്പിച്ചു. മുറി പൂട്ടിയ ശേഷം റിഷഭ് വാരണാസിയിലേക്ക് കടന്നുകളയുകയും അവിടെ വ്യാജ പേരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളിയായി ജോലി ചെയ്യുകയും ചെയ്തു.
ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകം പുറത്തറിയുന്നത്. ഓഗസ്റ്റ് 3ന് പുതിയ വാടകക്കാരന് മുറി നല്‍കുന്നതിനായി വീട്ടുടമ പൂട്ടുപൊളിച്ച് അകത്ത് കയറിയപ്പോഴാണ് സംഭവം പുറത്തായത്. ബാത്ത്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിനിടെ റിഷഭ് വാരണാസിയില്‍ ഒളിവില്‍ കഴിയുന്നതായി ഉത്തര്‍പ്രദേശ് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് സംയുക്ത പോലീസ് സംഘം വാരണാസിയിലെ സ്വകാര്യ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ഇയാളെ പിടികൂടുകയായിരുന്നു.