CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 59 Seconds Ago
Breaking Now

മാസങ്ങള്‍ക്കായി കൈലാസ യാത്രയ്ക്കുള്ള തയ്യാറെടുപ്പില്‍ ; അതിര്‍ത്തിയിലെന്ന് അവസാനമായി വിവരം നല്‍കി ; നേപ്പാളില്‍ കാണാതായ കൊല്ലം സ്വദേശി തിരിച്ചെത്താന്‍ പ്രാര്‍ത്ഥനയോടെ യുകെ മലയാളികള്‍

ടിബറ്റിലേക്ക് കടക്കുന്നതിനുള്ള നടപടികള്‍ക്കായി സംഘം കാത്തു നില്‍ക്കുന്നതിനിടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. തുടര്‍ന്ന് സംഘത്തിലെ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ യുകെ മലയാളി സുനന്ദ മണിരാജനായി നാട്ടിലും ലണ്ടനിലും പ്രിയപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. കൊല്ലം പരവൂര്‍ കൊങ്ങാല്‍ സ്വദേശിനിയായ സുനന്ദ മണിരാജന്‍ (63) നാലു പതിറ്റാണ്ടായി യുകെയിലാണ് താമസിക്കുന്നത്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന സുനന്ദ കൈലാസ യാത്രയ്ക്കായാണ് ലണ്ടനില്‍ നിന്നുള്ള സംഘത്തിനൊപ്പം നേപ്പാളിലെത്തിയത്.

ലണ്ടനില്‍ നിന്ന് ആദ്യം 17 പേരാണ് യാത്ര തിരിച്ചത്. സംഘത്തിലുണ്ടായിരുന്ന ചിറയിന്‍കീഴ് സ്വദേശിനി ബീനയ്ക്ക ഡല്‍ഹിയിലെത്തിയപ്പോള്‍ കാലിന് നീരുണ്ടായതിനെ തുടര്‍ന്ന് യാത്ര തുടരാനായില്ല. ഡല്‍ഹിയില്‍ ചികിത്സ തേടിയ ശേഷം ബീന യാത്ര ഉപേക്ഷിച്ച് യുകെയിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ നേപ്പാളിലേക്ക് പോയ സംഘത്തിലെ ഏക മലയാളിയായി സുനന്ദ. സുനന്ദ ഉള്‍പ്പെടെ 16 അംഗ സംഘവും നാലു ഗൈഡുകളുമാണ് പിന്നീട് നേപ്പാളിലേക്ക് യാത്ര തുടര്‍ന്നത്.

ഓഗസ്ത് 22ന് ലണ്ടനില്‍ നിന്ന് യാത്ര തിരിച്ച സംഘം ടിബറ്റ് നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള റാസുവഗാധിയിലെത്തി. ടിബറ്റിലേക്ക് കടക്കുന്നതിനുള്ള നടപടികള്‍ക്കായി സംഘം കാത്തു നില്‍ക്കുന്നതിനിടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. തുടര്‍ന്ന് സംഘത്തിലെ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

ഓഗസ്ത് 25 ഉച്ചയ്ക്ക് 12 മണിയോടെയാണ് സുനന്ദ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. അതിര്‍ത്തി കടക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് അന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ ബന്ധം നിലച്ചു. ആദ്യം നെറ്റ് വര്‍ക്ക് പ്രശ്‌നമെന്നാണ് കുടുംബം കരുതിയത്. പിന്നീട് ദുരന്ത വാര്‍ത്ത അറിഞ്ഞതോടെ ആശങ്കയിലായി.

നിലവില്‍ കൊല്ലത്തെ ഇരവിപുരത്തെ വീട്ടിലുള്ള സുനന്ദയുടെ ഭര്‍ത്താവ് കെ മണിരാജന്‍ ഭാര്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. നാട്ടിലുള്ള സഹോദരി ഗിരിജാ ദേവിയുമായി സുനന്ദ ഓഗസ്ത് 25ന് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ലണ്ടനിലുള്ള സുനന്ദയുടെ മക്കളായ ഡോ മീര മണിരാജനും ഡോ സുമി മണി രാജനും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ അമ്മയുടെ വിവരത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യന്‍ അധികൃതരുമായും ബ്രിട്ടീഷ് അധികൃതരുമായും കുടുംബം ബന്ധപ്പെട്ടുന്നുണ്ട്.

സുനന്ദ ഉള്‍പ്പെടെ നേപ്പാളില്‍ കാണാതായ മറ്റ് അഞ്ച് മലയാളികളേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരില്‍ നാലു പേര്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരും ഒരാള്‍ യുഎസ് പൗരനായ കൃഷ്ണകുമാര്‍ രാഘവനുമാണ്.

കൈലാസ യാത്രയെന്നത് സുനന്ദയുടെ ദീര്‍ഘ കാലത്തെ ആഗ്രഹമായിരുന്നു. യാത്രയ്ക്കായി മാസങ്ങളോളം തയ്യാറെടുപ്പും നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നയിടത്തേക്കുള്ള എട്ടു കിലോമീറ്റര്‍ ദൂരം പോലും ആറു മാസമായി അവര്‍ നടന്നാണ് പോയിരുന്നത്. നേപ്പാളിലെത്തിയ ശേഷം ടിബറ്റിലേക്ക് പോകുന്നതിനുള്ള എമിഗ്രേഷന്‍ നടപടികള്‍ക്കായി കാഠ്മണ്ഡുവില്‍ നിന്ന് ഹെലികോപ്റ്ററിലാണ് സുനന്ദ അതിര്‍ത്തി മേഖലയിലേക്ക് പോയത്. കാലാവസ്ഥ പ്രശ്‌നം മൂലം പാതിവഴിയില്‍ ടാക്‌സി യാത്ര ചെയ്യേണ്ടിവന്നെങ്കിലും മറ്റുള്ളവര്‍ എത്തും മുമ്പേ അവര്‍ അതിര്‍ത്തിയിലെത്തി. സംഘത്തിലെ മറ്റുള്ളവര്‍ വൈകിയതിനാല്‍ 25ന് തുടങ്ങേണ്ടിയിരുന്ന കൈലാസ യാത്ര 26 ലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷിതമായി സുനന്ദ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവര്‍.




കൂടുതല്‍വാര്‍ത്തകള്‍.