CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 11 Seconds Ago
Breaking Now

ബ്രിസ്‌ക അസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷം വര്‍ണാഭമായ കലാ സാംസ്‌കാരിക പരിപാടികളോടെ ശ്രദ്ധേയമായി

ബ്രിസ്‌ക അസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷം സെപ്റ്റംബര്‍ 19-ന് ട്രിനിറ്റി അക്കാദമി ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷപൂര്‍വം നടന്നു.  ഓണസദ്യയും വര്‍ണാഭമായ കലാ-സാംസ്‌കാരിക പരിപാടികളും ജനപങ്കാളിത്തം കൊണ്ടും ഇക്കുറിയും ബ്രിസ്‌ക ഓണാഘോഷം ശ്രദ്ധേയമായി.

രാവിലെ പത്തുമണിയോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.പൂക്കളം ഒരുക്കിയും വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുത്തും അംഗങ്ങള്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഓണസദ്യ നടന്നു. രുചികരമായ വിഭവങ്ങളോടെ ഒരുക്കിയ സദ്യ ഏവരുടേയും മനം കവര്‍ന്നു. അംഗങ്ങള്‍ക്ക് ദീര്‍ഘനേരം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി ഭക്ഷണവിതരണത്തിനായി കൃത്യമായ സംവിധാനവും ഈ വര്‍ഷം ഒരുക്കിയിരുന്നു. വളരെ ചിട്ടയായ ആസൂത്രണത്തിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ സാധിച്ചതായും സംഘാടകര്‍ പറഞ്ഞു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് വടംവലി മാറ്റിവെച്ചു

ഓണാഘോഷത്തിന്റെ ഭാഗമായി ഏഴ് ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വടംവലി മത്സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ചു. അംഗങ്ങളുടെയും പരിപാടിയില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ക്യാപ്റ്റന്‍മാരുമായി ചര്‍ച്ച ചെയ്തശേഷം മത്സരം മാറ്റിവെച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

സംഗീത-കലാപരിപാടികള്‍ക്ക് നിറഞ്ഞ കൈയടി

പിന്നീട് ബ്രിസ്‌കയിലെ കലാകാരന്മാരുടെ വിവിധ പരിപാടികള്‍ ആരംഭിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട പരിപാടിയില്‍ നിരവധി കലാകാരന്മാര്‍ വിവിധ പ്രകടനങ്ങളിലൂടെ വേദിയെ കീഴടക്കി.

സോളോ പെര്‍ഫോമന്‍സുകള്‍, ഗ്രൂപ്പ് പെര്‍ഫോമന്‍സുകള്‍, സംഗീത പരിപാടികള്‍ തുടങ്ങി വിവിധ കലാരൂപങ്ങള്‍ വേദിയില്‍ അരങ്ങേറി. തുടര്‍ന്ന് കൃത്യസമയത്ത് സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി. ബ്രിസ്‌കയുടെ ഇതുവരെയുള്ള ചരിത്രത്തിലൂടെയുള്ള യാത്ര അവതരിപ്പിക്കുന്ന പ്രത്യേക വീഡിയോയോടെയാണ് സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചത്.

മഹാബലിയുടെ വരവോടെ ആഘോഷത്തിന് ആവേശമേറി.

മഹാബലിയെ വേദിയിലേക്ക് വരവേറ്റത് ആഘോഷത്തിന് കൂടുതല്‍ വര്‍ണാഭമായി.

ബ്രിസ്‌ക പ്രസിഡന്റ് ശ്രീ ജയമോന്‍ ജോണ്‍സിന്റെ നേതൃത്വത്തില്‍ ഉദ്ഘാടന ചടങ്ങും നടന്നു. പരമ്പരാഗത രീതികള്‍ക്ക് പകരം ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തവണ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്.

ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ട പ്രാദേശിക നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി തീ ഉപയോഗിച്ചുള്ള പരിപാടികള്‍ ഒഴിവാക്കി ഡിജിറ്റല്‍ ലൈറ്റിംഗ് സംവിധാനത്തിലൂടെയായിരുന്നു ഉദ്ഘാടനം. സാങ്കേതികവിദ്യയുടെ മനോഹരമായ ഉപയോഗം ചടങ്ങിന് വ്യത്യസ്തമായ അനുഭവം നല്‍കി.

എല്ലാ പ്രായക്കാരുടെയും സജീവ പങ്കാളിത്തം

തുടര്‍ന്നുള്ള സാംസ്‌കാരിക പരിപാടികളില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ സജീവമായി പങ്കെടുത്തു. വിവിധ പ്രായവിഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

സംഗീതം, നൃത്തം, ഗ്രൂപ്പ് പെര്‍ഫോമന്‍സ് തുടങ്ങി വിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടികള്‍ ആഘോഷത്തിന് കൂടുതല്‍ മികവേകി. 

വിനോദ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍

ഓണാഘോഷത്തിന്റെ ഭാഗമായി നേരത്തെ സംഘടിപ്പിച്ച വിവിധ വിനോദ മത്സരങ്ങളുടെ വിജയികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

 

ലേലം, റമ്മി, ചെസ് തുടങ്ങിയ മത്സരങ്ങളാണ് പ്രധാനമായും സംഘടിപ്പിച്ചത്. കുട്ടികള്‍ക്കായി പ്രത്യേക ചെസ് മത്സരവും നടത്തിയിരുന്നു. വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് ആദരം

ബ്രിസ്‌കയുടെ സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

ബിസ്‌കയുടെ പിന്തുണയോടെ അടുത്തിടെ നടത്തിയ മൗണ്ട് ക്ലൈംബിംഗ് ഫണ്ട് റെയ്‌സിംഗിലൂടെ ഏകദേശം 1,600 പൗണ്ട് ചാരിറ്റിക്കായി സമാഹരിച്ചിരുന്നു. ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനായി നടത്തിയ ഈ ഫണ്ട് റെയ്‌സിംഗിലെ പങ്കാളിത്തത്തിന് അവരെ ചടങ്ങില്‍ അഭിനന്ദിച്ചു.

ശ്രീമതി സിനി ആന്‍ഡ് സിമി നടത്തിയ ത്രീ പീക്സ് ചലഞ്ചും ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. വര്‍ഷങ്ങളായി ബ്രിസ്‌കയിലെ അംഗമായ സിനിയും സിമിയും ത്രീ പീക്സ് ചലഞ്ചിലൂടെ ഏകദേശം 3,000 പൗണ്ട് hunger for uk എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനായി സമാഹരിച്ചിരുന്നു. അവരുടെ പ്രവര്‍ത്തനത്തെ സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മാതൃകയായി കണ്ട് പ്രിസ്‌ക ആദരിച്ചു.

ഇതോടൊപ്പം യു.ബി.എയിലെ ശ്രീ ജോബിച്ചനും ജാക്സണും വിവിധ ചാരിറ്റി ഫണ്ട് റെയ്‌സിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ ആദരിച്ചു. ്ര

സമൂഹത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് പിന്തുണ നല്‍കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യുക എന്ന സന്ദേശവും ചടങ്ങില്‍ ഉയര്‍ന്നു. 'Help the people in need' എന്ന ആശയം മുന്‍നിര്‍ത്തി ബ്രിസ്‌കയുടെ സാമൂഹിക മൂല്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും സജീവമായി ഇടപെടണമെന്ന് അംഗങ്ങളോട് ആഹ്വാനം ചെയ്തു.

ബ്രിസ്‌ക യൂത്ത് അംഗങ്ങളുടെ പെര്‍ഫോമന്‍സായിരുന്നു പിന്നീട്. മികച്ച പെര്‍ഫോമന്‍സിലൂടെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. ബ്രിസ്‌കയ്ക്ക് അഭിമാനമായ ഇവരുടെ പെര്‍ഫോമന്‍സും ശേഷം ഡിജെയോടെയാണ് പരിപാടി അവസാനിച്ചത്.

ബ്രിസ്‌ക പ്രസിഡന്റ് ജെയ്‌മോന്റേയും സെക്രട്ടറി ടോമിന്റെയും നേതൃത്വത്തില്‍ മുഴുവന്‍ ഭാരവാഹികളും മറ്റ് അംഗ അസോസിയേഷനുകളുടെയും അയല്‍കൂട്ടങ്ങളുടേയും ഭാരവാഹികളും ചേര്‍ന്നാണ് ഓണാഘോഷം മനോഹരമാക്കിയത്.

കലാ-സാംസ്‌കാരിക പരിപാടികള്‍, ഓണസദ്യ, വിനോദ മത്സരങ്ങള്‍, പുരസ്‌കാര വിതരണം, ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവയെല്ലാം ഒരുമിച്ചുചേര്‍ന്നതോടെ ബ്രിസ്‌ക അസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷം അംഗങ്ങളുടെ കൂട്ടായ്മയും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതുന്ന ആഘോഷമായി മാറി.

 




കൂടുതല്‍വാര്‍ത്തകള്‍.