
















അമേരിക്ക വീണ്ടും സൈനിക ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍. നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരത്തിന് ഇപ്പോഴും തയ്യാറാണെന്നും, എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ മുന്‍പത്തേക്കാള്‍ ശക്തമായ പ്രതിരോധം നടത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. ടെഹ്റാനില്‍ വിദേശ അംബാസഡര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുദ്ധത്തിലൂടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകില്ലെന്നാണ് ഇറാന്റെ നിലപാട്. പുതിയ ഉപരോധങ്ങളും സമ്മര്‍ദങ്ങളും അംഗീകരിക്കില്ലെന്നും നീതിയിലും പരസ്പര ധാരണയിലും അധിഷ്ഠിതമായ ചര്‍ച്ചകളാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗമെന്നും അറാഖ്ചി പറഞ്ഞു. അതേസമയം, നയതന്ത്രപരമായ പരിഹാരത്തിനായി ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായുള്ള തര്‍ക്കത്തില്‍ പ്രധാന വിഷയമായി തുടരുന്നത് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കാണ്. കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാന്‍ ഏഴ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാമെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, ഹോര്‍മുസ് കടലിടുക്കിന് സമീപം കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്. ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരു ടാങ്കറിന് അജ്ഞാത വസ്തു പതിച്ച് എഞ്ചിന്‍ റൂമിന് കേടുപാടുകള്‍ സംഭവിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണെന്നും പരിസ്ഥിതി നാശമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ നിലവില്‍ പ്രതിസന്ധിയിലാണെങ്കിലും നയതന്ത്ര ശ്രമങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. നയതന്ത്രത്തിന് മുന്‍തൂക്കം നല്‍കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്ന് അറാഖ്ചി വ്യക്തമാക്കി. എന്നാല്‍ വീണ്ടും സൈനിക നടപടി ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഇറാന്‍ കൂടുതല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.