
















അമേരിക്കയില്‍ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തിനിടെ അസാധാരണ സംഭവം. രണ്ടുതവണ മാരകമായ വിഷം കുത്തിവച്ചിട്ടും മരിക്കാതെ 50കാരിയായ ക്രിസ്റ്റ പൈക്ക്. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 200 വര്‍ഷത്തിനിടെ ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിതയാണ് ക്രിസ്റ്റ പൈക്ക്.
സെപ്റ്റംബര്‍ 30ന് രാത്രി റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു നടപടി. രണ്ടുതവണ മാരകമായ വിഷം കുത്തിവച്ചിട്ടും ക്രിസ്റ്റയുടെ ബോധം നഷ്ടമായില്ല. ഹൃദയമിടിപ്പും നിലച്ചില്ല. ഏകദേശം 40 മിനിറ്റിന് ശേഷം മയക്കത്തിലായെങ്കിലും ഇവര്‍ ശ്വാസമെടുക്കുന്നത് തുടരുകയായിരുന്നു. ഇതിനിടെ കൂര്‍ക്കം വലിച്ച് ഉറങ്ങുകയും ചെയ്തു. തുടര്‍ന്ന് വധശിക്ഷാ നടപടികള്‍ ഉപേക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്തിന് വധശിക്ഷ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ പ്രതികരിച്ചു. ഇരട്ടി അളവില്‍ മാരകമായ വിഷം നല്‍കിയിട്ടും 40 മിനിറ്റിന് ശേഷവും ക്രിസ്റ്റ ജീവനോടെ തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1995 ജനുവരി 12ന്, 18-ാം വയസ്സില്‍ സഹപാഠിയായ കോളിന്‍ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റയ്ക്ക് വധശിക്ഷ വിധിച്ചത്. തന്റെ 17കാരനായ കാമുകനെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം. ക്രിസ്റ്റയും കാമുകനും ചേര്‍ന്ന് കോളിനെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബോക്‌സ് കട്ടറും പാറക്കല്ലും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ച ക്രിസ്റ്റയുടെ മാപ്പപേക്ഷ കോടതി തള്ളി വധശിക്ഷ വിധിച്ചു. കേസില്‍ കൂട്ടുപ്രതിയായ കാമുകന്റെ ശിക്ഷ പിന്നീട് ഇളവ് ചെയ്ത് ജീവപര്യന്തമാക്കി.