
















അമേരിക്കയും പാകിസ്ഥാനും തമ്മില് യുദ്ധമുണ്ടായാല് ഇന്ത്യ പാകിസ്ഥാനൊപ്പം നില്ക്കുമെന്ന പ്രസ്താവനയുമായി രാജസ്ഥാന് ബിജെപി അധ്യക്ഷന് മദന് റാത്തോറെ. അയല്രാജ്യമെന്ന പരിഗണനയിലാണ് പാകിസ്ഥാനെ പിന്തുണയ്ക്കുന്നതെന്ന അദ്ദേഹത്തിന്റെ പരാമര്ശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
ഒരു പൊതുപരിപാടിയില് സംസാരിക്കവെയാണ് റാത്തോറെ ഇക്കാര്യം പറഞ്ഞത്. അമേരിക്കയും പാകിസ്ഥാനും തമ്മില് യുദ്ധമുണ്ടായാല് ഇന്ത്യ പാകിസ്ഥാനൊപ്പമായിരിക്കുമെന്നും കാരണം പാകിസ്ഥാന് അയല്രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മില് പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തില് ഇന്ത്യയ്ക്കൊപ്പമാണ് തങ്ങള് നിലകൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
റാത്തോറിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്ഗ്രസ് രംഗത്തെത്തി. കോണ്ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് പരാമര്ശത്തെ രാജ്യവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ബിജെപി നേതൃത്വം എന്ത് നടപടിയെടുക്കുമെന്ന് ചോദിക്കുകയും ചെയ്തു.
ഇന്ത്യന് സൈനികരെയും ജനങ്ങളെയും ആക്രമിക്കുന്ന പാകിസ്ഥാനോടുള്ള ബിജെപിയുടെ നിലപാടാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് ഷമ മുഹമ്മദ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതേ നിലപാടാണോ സ്വീകരിക്കുന്നതെന്നും അവര് ചോദിച്ചു.
റാത്തോറിന്റെ പരാമര്ശം സോഷ്യല്മീഡിയയിലും വന് വിമര്ശനത്തിനിടയാക്കിയിരിക്കുകയാണ്.