CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 2 Seconds Ago
Breaking Now

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ചു; എറണാകുളത്ത് എസ്.ഐ അറസ്റ്റില്‍; 87 ഗ്രാം കടത്തി, തിരികെ നല്‍കിയത് 202 ഗ്രാം!

ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥനാണ് കേസില്‍ അറസ്റ്റിലായത്

പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അനസ് എസ്. തൗഫീഖ് (30) ആണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വിവിധ ലഹരിക്കേസുകളില്‍ പിടിച്ചെടുത്ത എംഡിഎംഎ നശിപ്പിക്കുന്നതിനായി കൈമാറുന്നതിനു മുന്നോടിയായി സ്റ്റേഷനിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതില്‍നിന്ന് 87.37 ഗ്രാം എംഡിഎംഎ അടങ്ങിയ സീല്‍ ചെയ്ത പാക്കറ്റ് ഒക്ടോബര്‍ 18ന് എസ്.ഐ മോഷ്ടിച്ചതായാണ് കണ്ടെത്തല്‍. ഒക്ടോബര്‍ 22ന് നടത്തിയ പരിശോധനയിലാണ് പാക്കറ്റ് കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ എസ്.ഐ ലോക്കര്‍ മുറിയില്‍ പ്രവേശിക്കുന്നതായി കണ്ടെത്തി. അന്വേഷണം തനിക്കെതിരെയാണെന്ന് മനസ്സിലായതോടെ ഒക്ടോബര്‍ 26ന് 202 ഗ്രാം എംഡിഎംഎ അടങ്ങിയ മറ്റൊരു തുറന്ന കവര്‍ തിരികെ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മോഷ്ടിച്ച ലഹരിയുടെ അളവും തിരികെ നല്‍കിയ പാക്കറ്റിലെ അളവും തമ്മിലുള്ള വ്യത്യാസം പൊലീസില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്.

സംഭവത്തില്‍ മോഷണം, തെളിവ് നശിപ്പിക്കല്‍, ലഹരിമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മോഷണത്തിന് പിന്നിലെ ലക്ഷ്യം, സാമ്പത്തിക ഇടപാടുകള്‍, മറ്റ് ഉദ്യോഗസ്ഥരുടെ സഹായം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്. ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥനാണ് കേസില്‍ അറസ്റ്റിലായത് എന്നതും ശ്രദ്ധേയമാണ്

 




കൂടുതല്‍വാര്‍ത്തകള്‍.