
















അമേരിക്കയിലെ ബോസ്റ്റണില്‍ തെലങ്കാന സ്വദേശിനിയായ 23-കാരിയെ കാണാതായി. താമസസ്ഥലത്തുനിന്ന് നടക്കാനായി പുറത്തുപോയ വിദ്യാര്‍ഥിനിയെ പിന്നീട് കണ്ടെത്താനായിട്ടില്ല. നവംബര്‍ രണ്ടിന് രാത്രിയാണ് ശ്രീജ റെഡ്ഡിയെ അവസാനമായി കണ്ടത്. അന്നുമുതല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കടുത്ത ആശങ്കയിലാണ്.
തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ കനഗല്‍ മണ്ഡലത്തില്‍പ്പെട്ട ശബ്ദുള്ളാപുരം സ്വദേശിനിയാണ് ശ്രീജ റെഡ്ഡി. ഉന്നതപഠനത്തിനായി ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ അമേരിക്കയിലെത്തിയത്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.
നവംബര്‍ മൂന്നിന് ബോസ്റ്റണ്‍ പോലീസ് വകുപ്പില്‍ വിദ്യാര്‍ഥിനിയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പോലീസ് മിസിങ് പേഴ്‌സണ്‍ അറിയിപ്പ് പുറപ്പെടുവിക്കുകയും ശ്രീജയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
ബോസ്റ്റണ്‍ പോലീസ് വകുപ്പിന്റെ അറിയിപ്പ് പ്രകാരം, നവംബര്‍ രണ്ടിന് രാത്രി 9.45-ഓടെ ഡോര്‍ചെസ്റ്ററിലെ എഡിസണ്‍ ഗ്രീന്‍ മേഖലയിലുള്ള താമസസ്ഥലത്തുനിന്ന് ശ്രീജ റെഡ്ഡി പുറത്തുപോയിരുന്നു. നടക്കാനായി ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വിവരം.
ശ്രീജയെ കാണാനില്ലെന്ന വിവരം സുഹൃത്തുക്കളാണ് നല്‍ഗൊണ്ടയിലുള്ള മാതാപിതാക്കളെ അറിയിച്ചത്. ഇതോടെ കുടുംബം ആശങ്കയിലായി. മകളെ കണ്ടെത്താനും സുരക്ഷിതമായി നാട്ടിലെത്തിക്കാനും സഹായം തേടുകയാണ് മാതാപിതാക്കളായ കോയ യാദഗിരി റെഡ്ഡിയും രൂപയും.