CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 35 Seconds Ago
Breaking Now

ദീപാവലി റീല്‍സ് ചിത്രീകരണം തടഞ്ഞു; തമിഴ്നാട്ടില്‍ പൊലീസുകാരനെ മര്‍ദിച്ചുകൊന്നു

പ്രകോപിതരായ യുവാക്കള്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

തമിഴ്നാട്ടില്‍ പൊതുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ദീപാവലി റീല്‍സ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥനെ മദ്യപസംഘം മര്‍ദിച്ചുകൊന്നു. തേനി സ്വദേശിയായ സ്‌പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി തേനിക്ക് സമീപം സമതര്‍മ്മപുരത്തായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം പൊതുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടക്കം പൊട്ടിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി റീല്‍സ് തയ്യാറാക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെന്തില്‍ കുമാര്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതരായ യുവാക്കള്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സെന്തില്‍ കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ തേനി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.