Breaking Now

പി.യു. ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും നാനോ കാര്‍

കേരളം കിരീടം സ്വന്തമാക്കുന്നത് തുടരെ 16-ാം തവണ

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ഇക്കുറിയും എതിരാളികളില്ലാതെ കേരളം കിരീടം സ്വന്തമാക്കി. തുടര്‍ച്ചയായ 16-ാം തവണയാണ് കേരളം ട്രാക്കിലും ഫീല്‍ഡിലും വിജയഭേരി മുഴക്കുന്നത്. 33 സ്വര്‍ണവും 26 വെള്ളിയും 18 വെങ്കലവുമുള്‍പ്പെടെ 304 പോയന്റ് നേടിയ കേരളം, ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ജേതാക്കളായി.

ചരിത്രത്തിലാദ്യമായി സമ്മാനങ്ങള്‍ പ്രവഹിച്ച ദേശീയ മേളയില്‍, വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് ടാറ്റ നാനോ കാറാണ് ലഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളില്‍ നാല് സ്വര്‍ണം നേടിയ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയും ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും (രണ്ട് സ്വര്‍ണവും ഒരു വെള്ളിയും) കാറിന് അവകാശികളായി. മീറ്റില്‍ പിറന്ന 15 ദേശീയ റെക്കോഡുകാര്‍ക്കും ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തിയ രണ്ട്‌പേര്‍ക്കും 21,000 രൂപവീതം യു.പി. സര്‍ക്കാര്‍ സമ്മാനമായി നല്‍കി. പങ്കെടുത്ത 2,324 പേര്‍ക്കും സൈക്കിളും ലഭിച്ചു.

കഴിഞ്ഞ തവണ ലുധിയാനയില്‍ 29 സ്വര്‍ണമടക്കം 265 പോയന്റാണ് കേരളം സ്വന്തമാക്കിയത്. ഇക്കുറി മെഡലുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാക്കാനും ടീമിനായി. 12 സ്വര്‍ണം നേടിയ മഹാരാഷ്ട്രയാണ് (106 പോയന്റ്) രണ്ടാം സ്ഥാനത്ത്. എട്ട് സ്വര്‍ണവുമായി പഞ്ചാബ് മൂന്നാമതും.

പ്രതികൂല കാലാവസ്ഥയോട് പടവെട്ടി കേരളം കൈവരിച്ച ദേശീയ കിരീടത്തിന് വിലയേറെയാണ്. കഴിഞ്ഞതവണ ലുധിയാനയില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡലുകളോടെ, എതിരാളികളുമായി കൂടുതല്‍ അകലം കൈവരിച്ചാണ് കേരളം 16-ാം ദേശീയ കിരീടത്തില്‍ മുത്തമിട്ടത്.

അഞ്ചാംദിനം ഏഴ് സ്വര്‍ണം

അവസാന ദിനം നടന്ന 13-ല്‍ ഏഴിനങ്ങളിലും സ്വര്‍ണം നേടിയാണ് കിരീടനേട്ടത്തിന് തിളക്കമേറ്റിയത്. കേരളത്തിന്റെ സുവര്‍ണകുമാരി പി.യു. ചിത്ര ക്രോസ് കണ്‍ട്രിയില്‍ നേടിയ സ്വര്‍ണത്തോടെയാണ് അഞ്ചാംദിനത്തിന് തിളക്കമിട്ടത്. നേരത്തേ, 1,500, 3,000, 5,000 എന്നിവയില്‍ ട്രിപ്പിള്‍ തികച്ച ചിത്ര, ക്രോസ് കണ്‍ട്രിയും സ്വന്തമാക്കിയതോടെയാണ് വ്യക്തിഗത ചാമ്പ്യന്മാര്‍ക്കുള്ള നാനോ കാര്‍ സമ്മാനം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 8,00 മീറ്ററില്‍ പറളിയുടെ മുഹമ്മദ് അഫ്‌സല്‍ (ഒരുമിനിറ്റ് 54.75 സെക്കന്‍ഡ്) ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയതോടെ, കേരളം ടോപ്ഗിയറിലായി. മീറ്റിലെ പഴക്കമാര്‍ന്ന റെക്കോഡുകളിലൊന്നാണ് അഫ്‌സല്‍ തകര്‍ത്തത്. മഹാരാഷ്ട്ര താരം മോഹനീഷ് ഷുക്കാലിന്റെ പേരില്‍ 23 വര്‍ഷമായി നിലനിന്ന നേട്ടം (1:55.0) ഇതോടെ പഴങ്കഥയായി. 800-ലെ സ്വര്‍ണനേട്ടം ജൂനിയറിലെ വ്യക്തിഗത ചാമ്പ്യനായി അഫ്‌സലിനെ മാറ്റി. ഇതോടെ, രണ്ടാമത്തെ നാനോ കാറും കേരളത്തിലെത്തി.

സീനിയര്‍ പെണ്‍കുട്ടികളുടെ 8,00 മീറ്ററില്‍ കോഴിക്കോട് പൂവമ്പായി എ.എം. സ്‌കൂളിലെ ജെസ്സി ജോസഫ് (ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് കേരളത്തിനായി മൂന്നാം സ്വര്‍ണം സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഉഷ സ്‌കൂളിലെതന്നെ ഷഹര്‍ബാന സിദ്ദിഖും (25.76 സെ) സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് ഷെര്‍സാദും (22.62 സെ) വ്യക്തിഗത സ്വര്‍ണങ്ങള്‍ക്കുടമയായി.

സമാപന സമ്മേളനത്തിലെ മുഖ്യാതിഥികളായിരുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും മുന്‍ മുഖ്യന്‍ മുലായം സിങ് യാദവിന്റെയും വരവിനായി നീട്ടിവെച്ച റിലേ മത്സരങ്ങളിലും കേരളം അനായാസം പൊന്നണിഞ്ഞു. കായിക കേരളത്തിന്റെ കരുത്ത് വെളിപ്പെടുത്തിക്കൊണ്ട് സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും 4ന്ദ400 മീറ്റര്‍ റിലേകള്‍ സ്വന്തമാക്കി കിരീടനേട്ടം ആവേശഭരിതമാക്കി. പെണ്‍കുട്ടികളില്‍ ജെറിന്‍ ജോസ് (പാല സെന്റ്‌മേരീസ്), അഞ്ജലി ജോസ് (കോട്ടയം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍), എ.പി. ഷില്‍ബി (മുഹമ്മ എ.ബി. വിലാസം), വി.വി. ജിഷ (പറളി) എന്നിവരും ആണ്‍കുട്ടികളില്‍ ശങ്കര്‍ ദാസ്, ലിജോ മാണി (കല്ലടി), അനസ് ബാബു (സെന്റ് ജോര്‍ജ്), സന്തു സുകുമാരന്‍ (വണ്ണപ്പുറം) എന്നിവരും റിലേ സ്വര്‍ണത്തില്‍ പങ്കാളികളായി.

കേരളത്തിന്റെ മറ്റ് മെഡല്‍ ജേതാക്കള്‍

വെള്ളി: സി. ബബിത (ജൂനിയര്‍ 800, കല്ലടി), ലിജോ മാണി (സീനിയര്‍ 800, കല്ലടി), കെ. സ്‌നേഹ (സബ് ജൂനിയര്‍ 200, ഉഷ സ്‌കൂള്‍). വെങ്കലം: തെരേസ് ജോസഫ് (ജൂനിയര്‍ 800, പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ്), ജിസ്‌ന മാത്യു (സബ് ജൂനി. 200, ഉഷ സ്‌കൂള്‍).

സമ്മാനപ്പെരുമഴ

കായിക വികസനത്തിന് യു.പി. സര്‍ക്കാര്‍ നല്‍കുന്ന പ്രാമുഖ്യം വെളിപ്പെടുത്തിയാണ് മേളയ്ക്ക് കൊടിയിറങ്ങിയത്. നേരത്തേ, മേളയില്‍ ദേശീയ റെക്കോഡ് ഭേദിക്കുന്നവര്‍ക്കെല്ലാം നാനോ കാര്‍ സമ്മാനിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, 17 റെക്കോഡുകള്‍ പിറന്നതോടെ ആ തീരുമാനം പിന്‍വലിക്കുകയും വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് മാത്രമായി അത് മാറ്റുകയും ചെയ്തു. എന്നാല്‍, ദേശീയ റെക്കോഡ് ജേതാക്കള്‍ക്ക് സംഘാടകരുടെ വക 10,000 രൂപയും മുലായത്തിന്റെ വക 11,000 രൂപയും ലഭിച്ചു. രണ്ട് റെക്കോഡിട്ട പി.യു. ചിത്രയ്ക്ക് 42,000 രൂപയാണ് ലഭിച്ചത്. ഓരോ റെക്കോഡ് വീതം സ്വന്തമാക്കിയ മുഹമ്മദ് അഫ്‌സല്‍, വിഷ്ണു ഉണ്ണി, മരിയ ജയ്‌സണ്‍, ജെനിമോള്‍ ജോയി എന്നിവര്‍ക്കും ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനം നടത്തിയ ജെസ്സി ജോസഫിനും 21,000 രൂപ വീതവും ലഭിച്ചു. യു.പി.യ്ക്കുവേണ്ടി സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് 50,000 രൂപവീതമാണ് സമ്മാനിച്ചത്. അടുത്ത വര്‍ഷവും ദേശീയ കായികമേളയ്ക്ക് ആതിഥേയരാകാന്‍ തയ്യാറാണെന്ന പ്രഖ്യാപനവും അഖിലേഷ് നടത്തി. ചടങ്ങ് തീരുംവരെ സദസ്സിലിരിക്കുകയും ഓരോ താരങ്ങള്‍ക്കും സമ്മാനം നല്‍കാന്‍ തയ്യാറാവുകയും ചെയ്ത മുലായത്തിന്റെയും അഖിലേഷിന്റെയും സമീപനവും ശ്രദ്ധേയമായി.

നാല് സ്‌കൂളുകള്‍ക്ക് മൂന്ന് ലക്ഷം വീതം

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെയും ദേശീയ സ്‌കൂള്‍ കായികമേളയിലെയും പ്രകടനം വിലയിരുത്തി നാല് സ്‌കൂളുകള്‍ക്ക് മൂന്ന്‌ലക്ഷം രൂപ വീതം അനുവദിക്കാന്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റ് മുഖേനയാവും കോതമംഗലത്തെ സ്‌കൂളുകളായ സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍, പാലക്കാട്ടെ സ്‌കൂളുകളായ പറളി, മുണ്ടൂര്‍ സ്‌കൂളുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുക. ദേശീയ സ്‌കൂള്‍ കായികമേളയിലെ ജേതാക്കളെ ഗണേഷ്‌കുമാര്‍ അഭിനന്ദിച്ചു
കൂടുതല്‍വാര്‍ത്തകള്‍.