കേംബ്രിഡ്ജിലെ ന്യൂനപക്ഷക്കാരുടെയും കറുത്തവര്‍ഗക്കാരുടെയും അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് എത്‌നിക് കമ്യണിറ്റി ഫോറത്തിന്റെ ഔദ്യോഗിക ഭാഗമായി മാറിക്കൊണ്ട് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നു. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഫോറത്തിന്റെ ഔദ്യഗിക കാര്യാലയത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എല്ലാ ആഴ്ചയിലും നിയമ സംശയനിവാരണത്തിനായി മീറ്റിംഗുകള്‍ സംഘടിപ്പിക്കും. കേംബ്രിഡ്ജിലുള്ള നിയമവിദ്യാര്‍ഥികളും നിയമ വിദഗ്ധന്മാരുമടങ്ങിയ ലീഗല്‍ ടീമാണ് കറുത്തവര്‍ഗക്കാര്‍ക്കും മറ്റ് ഇതര കമ്യൂണിറ്റികള്‍ക്കും എല്ലാ ആഴ്ചയിലും നിയമോപദേശം നല്‍കുവാന്‍ തീരുമാനിച്ചത്.
1930 ല്‍ സ്ഥാപിതമായ IWA-GB കുടിയേറ്റ ഇന്ത്യക്കാരുടെ രാഷ്ട്രീയവും സാമൂഹികവുമായ നീറുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുവരുന്ന സംഘടനയാണ്. കേംബ്രിഡ്ജിലെ മറ്റു ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളിലും കൈത്താങ്ങാവാന്‍ സംഘടനയ്ക്ക് കഴിയുന്നത് സമൂഹത്തിന് വളരെ സഹായകമാകും എന്ന് കേംബ്രിഡ്ജ് എം.പി ഡാനിയേ സൈശ്‌നര്‍ സൂചിപ്പിച്ചു.
ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ലീഗല്‍ ടീം ഫോറത്തിന്റെ ആസ്ഥാനമായ The courtyard, 21 B Sturton Street, Cambridge, CBI 2SN എന്ന വിലാസത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഈ സേവനം കേംബ്രിഡ്ജിലെ മലയാളികള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്. IWA-GB നല്‍കുന്ന നിയമസഹായം പൂര്‍ണമായും സൗജന്യമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഹൗസിംഗ്, എമിഗ്രേഷന്‍, തൊഴില്‍, മനുഷ്യാവകാശം എന്നിവ സംബന്ധമായ നിയമപ്രശ്‌നങ്ങളില്‍ ആണ് നിയമസഹായം ലഭ്യമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ഫോറത്തിന്റെ പൂര്‍ണ്ണ അംഗത്വമാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്നത്. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ചേര്‍ന്നതാണ് ഫോറം. ഇതില്‍ പ്രധാനപ്പെട്ട സംഘടനകള്‍ അഫ്ഗാന്‍ സൊസൈറ്റി, ആഫ്രിക്കന്‍ നെറ്റ് വര്‍ക്ക്, ബംഗ്ലാദേശ് വെല്‍ഫയര്‍-കള്‍ച്ചറല്‍ അസോസിയേഷന്‍, കേംബ്രിഡ്ജ് ചൈനീസ് ഫാമിലി ആന്റ് കമ്യൂണിറ്റി, വിയറ്റ്‌നാം അഭയാര്‍ഥി സമൂഹം, പോളിഷ് കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍, പാക്കിസ്ഥാന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, തുര്‍ക്കിഷ് കുര്‍ദ്ദിഷ് സ്പീക്കേഴ്‌സ് ഓഫ് കേംബ്രിഡ്ജ് എന്നിവയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി www.cecf.co.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ബൈജു വര്‍ക്കി തിട്ടാല (ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ കമ്മിറ്റി അംഗം), ഇഷാന്‍ കനേറേ (ഇന്ത്യന്‍ സുസെസ് സൊസൈറ്റി), ബരദ്മാജ് നാഗേന്ദ്ര എന്നിവരടങ്ങിയ ലീഗല്‍ ടീം ആയിരിക്കും പ്രസ്തുത പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മേല്‍പറഞ്ഞ വിഷയങ്ങളില്‍ മലയാളികള്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങളുമായി സമീപിക്കാവുന്നതാണ്. ഫോറത്തിന്റെ വെബ് സൈറ്റിലൂടെ സമയവും തീയതിയും ബുക്ക് ചെയ്യാവുന്നതാണ്. മാത്രമല്ല ഫോറത്തിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അപ്പോയ്‌മെന്റ് എടുക്കാവുന്നതുമാണ്.