കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന കേരളത്തിലെ 123 വില്ലേജുകളും പരിപൂര്‍ണ്ണമായി പരിസ്ഥിതിലോലപ്രദേശങ്ങളാകുമെന്ന് ഉറപ്പാക്കുന്ന 04-09-2015ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ കരടു വിജ്ഞാപനം പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. ഇഎസ്എയില്‍ നിന്ന് ആരെയും കുടിയിറക്കുകയോ മാറ്റിപ്പാര്‍പ്പിക്കുകയോ ഇല്ലെന്നും, വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ മോടിപിടിപ്പിക്കുന്നതിനോ വലുപ്പംകൂട്ടുന്നതിനോ തടസ്സമുണ്ടാവില്ലെന്നുമുള്ള പുതിയ കരടുവിജ്ഞാപനത്തിലെ മൂന്നാം വകുപ്പ് ഡി ഉപവകുപ്പിലെ സൂചനകള്‍ ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളാകുമെന്ന് ഉറപ്പാക്കിയിരിക്കുന്നു. വീടുകള്‍ പുതുക്കാമെന്ന് പറയുമ്പോള്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കാനാവില്ലെന്ന് വ്യക്തമാണ്. വസ്തു വില്‍ക്കാമെന്നു പറയുമ്പോള്‍ പരിസ്ഥിതിലോലപ്രദേശത്ത് പണം മുടക്കി വസ്തു വാങ്ങുവാന്‍ ആരെങ്കിലും തയ്യാറാകുമോ? ഇഎസ്എ പ്രദേശത്ത് നിലവിലുള്ള ആശുപത്രികള്‍ തുടരാമെന്നു സൂചിപ്പിച്ചിരിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതിലോലപ്രദേശമാകുമെന്നതിന് മറ്റൊരു തെളിവിന്റെ ആവശ്യമില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. അസാധുവായിപ്പോയ കരടുവിജ്ഞാപനത്തില്‍ 2014 മാര്‍ച്ച് മാസത്തില്‍ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്തൃതി 9993.7 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കരടുവിജ്ഞാപനത്തിലും ഇതു തന്നെ ആവര്‍ത്തിക്കുമ്പോള്‍ കോട്ടയം ജില്ലയിലെ നാലു വില്ലേജുകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി കേരളത്തിലെ ഭരണഉദ്യോഗസ്ഥനേതൃത്വങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജനങ്ങളോട് പ്രഖ്യാപിക്കുന്നതൊന്ന്, കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്നത് മറ്റൊന്ന്. പൊതുസമൂഹത്തെ വിഢികളാക്കുന്ന ഈ അടവുനയം ജനങ്ങള്‍ തിരിച്ചറിയുന്നു. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇഎസ്എയായി പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍, പഞ്ചഗണി എന്നിവിടങ്ങളിലെ ജനങ്ങള്‍ കുടിയിറങ്ങി ശൂന്യമായ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുവാനും അവിടുന്ന് കുടിയിറങ്ങേണ്ടിവന്ന ജനങ്ങളുടെ ദയനീയസ്ഥിതി നേരിട്ടു മനസിലാക്കുവാനും കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും ഇന്‍ഫാം അതിനവസരമൊരുക്കിത്തരാമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.