CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 48 Minutes 12 Seconds Ago
Breaking Now

ശ്രീനാരായണഗുരുദേവ നിന്ദക്കെതിരെ ഞായറാഴ്ച ക്രോയിഡോണിൽ എസ്എൻഡിപിയുടെ വൻ പ്രതിഷേധ സമ്മേളനം.

അനേകലക്ഷം ശ്രീനാരായണ ഭക്തരെയും ജാതി-മതഭേദമില്ലാതെ ഗുരുവിന്റെ ആദർശങ്ങളെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നവരെയും ഒരു പോലെ വേദനയിൽ ആഴ്ത്തിക്കൊണ്ട് ശ്രീനാരായണഗുരുദേവനെ പൊതു സമൂഹ മദ്ധ്യേ  അവഹേളിക്കുന്ന രീതിയിൽ കേരളത്തിൽ ഈ അടുത്തയിടെ അരങ്ങേറിയ അപമാനകരമായ സംഭവവികാസങ്ങൾക്കെതിരെ മലയാളക്കരയാകെ രോഷം ആളിപ്പടരുകയാണ്. ആ പ്രതിഷേധത്തിന്റെ അടുത്ത ഘട്ടമെന്നവണ്ണം തങ്ങളുടെ സമുദായത്തിനു നേരെയുണ്ടായ കയ്പു നിറഞ്ഞ സംഭവങ്ങളെ വിദേശമണ്ണിലും ഉയർത്തിക്കാട്ടി ശക്തമായി പ്രതികരിക്കുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ എസ്എൻഡിപിയുടെ വിവിധ പ്രവാസി ഘടക നേതൃത്വങ്ങൾ. ഗൾഫ് നാടുകളിലെ ഗുരുദേവ ഭക്തർ സോഷ്യൽ മീഡിയകൾ വഴി തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിക്കുമ്പോൾ അതിലും ഒരു പടി കൂടി മുന്നിട്ടു നിന്നുകൊണ്ട് യുറോപ്പിലെ ഗുരുശിഷ്യർ തങ്ങളുടെ പ്രതിഷേധ സ്വരം പൊതുനിരത്തിലിറങ്ങി ലോക ജനതയെ അറിയിക്കുവാനുള്ള ഒരുക്കത്തിലാണ്.

ഇതിന്റെ ആദ്യപടിയെന്നവണ്ണം യുറോപ്പിൽ വളരെ ശക്തമായ ഗുരു ഭക്തരുടെ സാന്നിധ്യമുള്ള ഇംഗ്ലണ്ടിൽ എല്ലാ ശ്രീനാരായണീയരെയും ഒരുമിപ്പിച്ചു കൊണ്ട് ലണ്ടനിലെ ക്രോയിഡോണിൽ ഈ വരുന്ന സെപ്റ്റംബർ 13 ഞായറാഴ്ച വൻ പ്രതിഷേധ സമ്മേളനം നടത്താൻ എസ് എൻ ഡി പി യുകെ ഘടകം തീരുമാനിച്ചതായി നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു. എസ് എൻ ഡി പി-യു കെ6170 ശാഖയുടെ നേതൃത്വത്തിലാണ് മലയാളികളും തമിഴരും ബംഗാളികളും മറ്റു വടക്കേ ഇന്ത്യൻ വംശജരും ഉൾപ്പെടെ പതിനായിരത്തോളം ഇന്ത്യാക്കാർ വസിക്കുന്ന ക്രോയിഡോണിലെ ദി ആർച്ചു ബിഷപ്പ് ലാൻഫ്രാങ്ക് അക്കാദമി ഹാളിൽ പ്രതിഷേധ സമ്മേളനം നടത്തുന്നത്. വിവിധ ഇന്ത്യൻ ജനവിഭാഗങ്ങളുള്ള ഇത്തരം ഒരു സ്ഥലം തിരഞ്ഞെടുക്കുക വഴി, മലയാളികൾക്ക് പുറമേ മറ്റു ജന വിഭാഗങ്ങളിലേക്ക്, പ്രത്യേകിച്ചും യുകെയിലെ ഇന്ത്യാക്കാരുടെ മുൻപിൽ ഈ വിഷയം ഫലപ്രദമായി എത്തിക്കുവാൻ തങ്ങൾക്കാകും എന്ന് സംഘാടകർ ഉറച്ചു വിശ്വസിക്കുന്നു. യുകെയിലെ എല്ലാ സ്ഥലങ്ങളിലും നിന്നും ശ്രീനാരായണീയർ ഈ പ്രതിഷേധ വേദിയിലേക്ക് ഒഴുകിയെത്തും എന്നാണ് എസ് എൻ ഡി പി യോഗം യുകെ 6170 നേതൃത്വം വിശ്വസിക്കുന്നത്. പ്രതിഷേധ യോഗത്തിനുള്ള ഒരുക്കങ്ങൾ വളരെ ത്വരിതഗതിയിൽ നടന്നു വരുന്നു എന്ന് എസ് എൻ ഡി പി യോഗം യുകെ 6170 സെക്രട്ടറി വിഷ്ണു നടേശൻ പറഞ്ഞു.

കേരളത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ജനവിഭാഗമായിരുന്ന ഈഴവർ ഒരു നിർണ്ണായക സാമുദായികശക്തിയായി മാറിയത് ഈ അടുത്ത കാലത്താണ്. തങ്ങളുടെ വളർച്ചയിലും ഉയർച്ചയിലും പരിഭ്രാന്തി പൂണ്ട ഒരു വിഭാഗം ആളുകളാണ് ഇപ്പോൾ ഗുരുദേവനേയും എസ് എൻ ഡി പി നേതൃത്വത്തെയും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നത് എന്നും പ്രവാസിഘടകം യോഗം നേതാക്കൾ ചൂണ്ടിക്കാട്ടി. എസ് എൻ ഡി പിയുടെ വളർച്ചാചരിത്രത്തിൽ ഇന്നേവരെ നേരിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമുദായിക അപമാനമാണ് ചിലരിൽ നിന്നും ഇപ്പോൾ തങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നത്, എന്ത് വില കൊടുത്തും ഇത്തരം പ്രവണതകളെ ഒരൊറ്റ സമൂഹമായി നേരിടാൻ ഗുരു ശിഷ്യർ മുന്നോട്ടിറങ്ങും എന്നും ഇവർ ഉറപ്പിച്ചു പറയുന്നു. ശിവഗിരി ആശ്രമത്തിലെ സന്യാസവര്യരടക്കം അനവധിപേർ പൊതുസമൂഹത്തിൽ ഇറങ്ങി കണ്ണീരൊഴുക്കി ഗുരുനിന്ദക്കെതിരെ പ്രതികരിക്കേണ്ടിവന്ന ഒരു അവസ്ഥ ഇനിയും കണ്ടു കൊണ്ട് നിൽക്കാൻ ഒരു യഥാർത്ഥ ശ്രീ നാരായണശിഷ്യനും സാധിക്കില്ല എന്നും എസ് എൻ ഡി പി യോഗം യുകെ 6170  നേതൃത്വം വ്യക്തമാക്കി. വരും ദിനങ്ങളിൽ യുറോപ്പിന്റെ പല ഭാഗത്തുമുള്ള ഗുരു ഭക്തർ തങ്ങളുടെ പ്രതിഷേധം ശക്തമായി ലോകത്തെ അറിയിക്കാനുള്ള തീരുമാനം കൈക്കൊണ്ടതായി ഇവർ വ്യക്തമാക്കി.

എസ് എൻ ഡി പി യോഗം യുകെ ശാഖ 6170 ഭാരവാഹികളുടെ പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം.

സമ്മേളന സ്ഥലം :

The Arch Bishop Lanfranc Academy

Croydon

London

C H 9 3 A S

കൂടുതൽ വിവരങ്ങൾക്ക്

വിഷ്ണു നടേശൻ (  സെക്രട്ടറി- എസ് എൻ ഡി പി യുകെ 6170 )

07723484438

കുമാർ സുരേന്ദ്രൻ: 07979352084




കൂടുതല്‍വാര്‍ത്തകള്‍.