Breaking Now

ചന്ദ്രശേഖരന്റെ തലയും മുഖവും വെട്ടേറ്റ് തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നെന്ന് സാക്ഷിമൊഴി

മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ അതിന്റെ മഹസറില്‍ ഒപ്പുവെച്ച നാദാപുരം റോഡിലെ പി. അജയകുമാറാണ് വിചാരണക്കോടതി മുമ്പാകെ ഇരുപത്തിയേഴാം സാക്ഷിയായി മൊഴി നല്‍കിയത്.

ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍ കണ്ടപ്പോള്‍ തലയും മുഖവും വെട്ടേറ്റ് തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നെന്ന് സാക്ഷിമൊഴി.
തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ അമ്പതോളം മുറിവുകള്‍ കണ്ടു. മൂര്‍ച്ചയുള്ള വാളുകള്‍കൊണ്ട് വെട്ടിയ പരിക്കുകളാണ് ചന്ദ്രശേഖരന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. തലയിലും മുഖത്തുമായിരുന്നുമുറിവുകള്‍ ഉണ്ടായിരുന്നത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ അടുത്തദിവസം, 2012 മേയ് അഞ്ചിന് രാവിലെ ഏഴുമണി മുതല്‍ പത്തരവരെയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍ക്വസ്റ്റിനിടെ കണ്ടത്. താമരശ്ശേരി സി.ഐ.യാണ് പരിശോധന നടത്തിയത്. തന്നെ കൂടാതെ മറ്റ് നാലുപേര്‍കൂടി അവിടെയുണ്ടായിരുന്നു. ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. മുഖം, കാണാന്‍ പറ്റാത്തവിധം വികൃതമായിരുന്നു. സ്‌പെഷല്‍ അസിസ്റ്റന്‍റ് പ്രോസിക്യൂട്ടര്‍ അഡ്വ. പി. കുമാരന്‍കുട്ടിയുടെ വിസ്താരത്തില്‍ സാക്ഷി മൊഴിനല്‍കി.

മൂര്‍ച്ചയുള്ള വാള്‍കൊണ്ട് വെട്ടിയതുകൊണ്ടാണ് മുറിവുകള്‍ ഉണ്ടായതെന്ന് ബോധ്യമായി. അവിടെ കണ്ട ചന്ദ്രശേഖരന്റെ മുണ്ടും ഷര്‍ട്ടും ബനിയനും ബെല്‍റ്റും മറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു.

ടി.പി. ചന്ദ്രശേഖരനെ 20 വര്‍ഷമായി അറിയാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുടെ ക്രോസ് വിസ്താരത്തില്‍ സാക്ഷി മൊഴിനല്‍കി. സി.പി.എമ്മിലും തുടര്‍ന്ന് ആര്‍.എം.പി.യിലും ചന്ദ്രശേഖരനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ വീടുണ്ടാക്കിയപ്പോള്‍ ടി.പി. ഹൗസ് എന്നാണ് പേരിട്ടത്. ചന്ദ്രശേഖരന്‍ ലോക്‌സഭയില്‍ മത്സരിച്ചപ്പോള്‍ ഫോട്ടോ പതിച്ച നോട്ടീസ് ഇറക്കിയതായി അറിയില്ലെന്ന് മൊഴി നല്‍കി. തിരഞ്ഞെടുപ്പില്‍ ടി.പി.ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി സാക്ഷി പറഞ്ഞു. ഉദയസൂര്യന്‍ എന്ന ചിഹ്നത്തില്‍ മാത്രമല്ല, മറ്റു ചിഹ്നങ്ങളിലും മത്സരിച്ചിരുന്നു. തുറന്ന കുട അതില്‍ ഒന്നായിരുന്നുവെന്ന് മൊഴിയില്‍ പറഞ്ഞു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി ആദ്യം അറിയുന്നത് പരിചയമുള്ള ആരോ ഫോണ്‍ ചെയ്തപ്പോഴാണ്. വള്ളിക്കാട് എന്തോ അത്യാഹിതം സംഭവിച്ചുവെന്നാണ് അറിഞ്ഞത്. ആര്‍ക്കാണ് പരിക്ക് പറ്റിയത്, സംഭവത്തിന്റെ പിന്നില്‍ ആരാണ് എന്ന് വ്യക്തമായിരുന്നില്ല. അന്ന് രാത്രിതന്നെ വടകര ആസ്പത്രിയിലും മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പോയെങ്കിലും മൃതദേഹം കാണാനായില്ല - അജയ്കുമാര്‍ മൊഴി നല്‍കി. ചന്ദ്രശേഖരന് വാളുകള്‍ കൊണ്ട് പരിക്കേറ്റതായി സാക്ഷിക്കോ കൂടെ മോര്‍ച്ചറിയില്‍ ഉള്ളവര്‍ക്കോ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. സാക്ഷി ഇക്കാര്യം നിഷേധിച്ചു.

ചന്ദ്രശേഖരന് നേരത്തേ വെട്ടുകള്‍ ഏറ്റിരുന്നു എന്ന് സ്ഥാപിക്കുന്നതിനായി പ്രോസിക്യൂഷന്‍ ചില വാദങ്ങള്‍ ഉന്നയിച്ചെങ്കിലും സാക്ഷി അത് നിഷേധിച്ചു. ടി.പി.യുടെ മൃതദേഹത്തിലെ വെള്ളത്തുണി നീക്കിയപ്പോള്‍ ശരീരത്തില്‍ ബാന്‍ഡ്എയ്ഡുകള്‍ കണ്ടില്ലെ എന്നായിരുന്നു ചോദ്യം. മൂര്‍ച്ചയേറിയ വാളുകള്‍കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് കളവായി മൊഴി നല്‍കുകയാണെന്ന പ്രതിഭാഗം വാദവും സാക്ഷി നിഷേധിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.