രാജ്യത്തെ എന്‍എച്ച്എസ് കമ്പ്യൂട്ടര്‍ ശൃംഖലയെ കുരുക്കി പുതിയ ഹാക്കിംഗ് തലവേദന. അതിശക്തമായ ഹാക്കിംഗാണ് നടന്നിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ക്ക് രേഖകള്‍ പോലും പരിശോധിക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് എ&ഇ വിഭാഗത്തിലേക്ക് അത്ര ഗുരുതരമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം എത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാഞ്ചസ്റ്ററിലെയും, വെയില്‍സിലെയും തിരക്കേറിയ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പുതിയ പ്രശ്‌നം സാരമായി ബാധിച്ചിട്ടുണ്ട്. ഈ അവസ്ഥ മറ്റിടങ്ങളിലേക്ക് പടര്‍ന്നു പിടിക്കുമോയെന്ന് വ്യക്തമല്ല. അക്രമണത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും പ്രശ്‌നം തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് എന്‍എച്ച്എസ്.
സംഗതി ഒരു ടെക്‌നിക്കല്‍ ഇഷ്യൂ മാത്രമാണെന്ന് വെല്‍ഷ് സര്‍ക്കാര്‍ വക്താവ് അവകാശപ്പെട്ടു. ബ്ലെയ്‌നാവോണ്‍, കാര്‍ഡിഫ് ബേ എന്നിവിടങ്ങളിലുള്ള എന്‍എച്ച്എസ് വെയില്‍സ് ഡാറ്റാ സെന്ററുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രശ്‌നം തീര്‍ക്കാന്‍ എന്‍എച്ച്എസ് വെയില്‍സ് ഇന്‍ഫൊര്‍മാറ്റിക്‌സ് സര്‍വ്വീസ് ഇറങ്ങിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി, റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഹാക്കിംഗ് പ്രതിസന്ധി ബുദ്ധിമുട്ടിലാക്കി.
മധ്യ മാഞ്ചസ്റ്ററിലെ റോയല്‍ ഐ ഹോസ്പിറ്റല്‍, സെന്റ് മേരീസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും ഐടി പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇതിനുള്ള കാരണം മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രശ്‌നം എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തവുമല്ല. എന്നാല്‍ രോഗികള്‍ക്ക് ഇതുമൂലം സുരക്ഷാ ഭീഷണി ഇല്ലെന്നാണ് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ റെക്കോര്‍ഡുകളെ ഈ ഹാക്കിംഗ് ബാധിക്കുമോയെന്നും ഉറപ്പില്ല. ഇന്‍ഫഌവെന്‍സയും, ശൈത്യകാലവും സമ്മര്‍ദത്തിലാക്കിയ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാന്‍ ഈ ഐടി പ്രശ്‌നം വഴിയൊരുക്കുമെന്നാണ് ആശങ്ക.
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് വന്‍തോതില്‍ സൈബര്‍ അക്രമണത്തിന് ഇരയായിരുന്നു. മെയ് മാസത്തില്‍ വാനാക്രൈ റാന്‍സംവെയറാണ് പണിയൊരുക്കിയത്. ഇക്കുറി എന്താണ് പ്രശ്‌നമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.