ലോകം ക്രിസ്മസ് വിപണികളിലേക്ക് മാറിയ ഘട്ടത്തില്‍ ആശങ്ക വിതച്ച് കൂട്ടക്കൊലയ്ക്ക് ശ്രമം. ജര്‍മ്മനിയിലെ മാഗ്‌ദെബര്‍ഗ് ക്രിസ്മസ് വിപണിയിലാണ് എക്‌സ്-മുസ്ലീം കൂടിയായ ഡോക്ടര്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ കാര്‍ ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 70-ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സൗദി അറേബ്യയില്‍ നിന്നും 2006-ല്‍ ജര്‍മ്മനിയിലേക്ക് അഭയാര്‍ത്ഥിയായി എത്തിയ 50-കാരന്‍ സൈക്കോളജിസ്റ്റ് താലെബ് അല്‍ അബ്ദുള്‍മൊഹ്‌സെനാണ് അക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 20ന് മാഗ്‌ദെബര്‍ഗിലെ ക്രിസ്മസ് വിപണിയിലെ ആള്‍ക്കൂട്ടത്തിലേക്കാണ് ഇയാള്‍ കറുത്ത ബിഎംഡബ്യു ഓടിച്ച് കയറ്റിയത്.
രാത്രി 7 മണിയോടെ നടന്ന അപകടത്തിന് ശേഷം ജര്‍മ്മന്‍ പോലീസ് ഇയാളെ തോക്കിന്‍മുനയില്‍ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൗദി അറേബ്യയിലെ ഹോഫുഫ് നഗരത്തില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് സൈക്യാട്രി & സൈക്കോതെറാപ്പിസ്റ്റാണ് അല്‍ അബ്ദുള്‍മൊഹ്‌സെന്‍. 2006ല്‍ ജര്‍മ്മനിയിലെത്തിയ ഇയാള്‍ ബേണ്‍ബര്‍ഗിലാണ് താമസിക്കുന്നത്. 2016 മുതല്‍ അഭയാര്‍ത്ഥിയായി അംഗീകരിക്കപ്പെട്ടിരുന്നു.
സ്വയം എക്‌സ്-മുസ്ലീമായി മാറിയ ഇയാള്‍ സൗദിയില്‍ മതം ഉപേക്ഷിക്കുന്നവരെ രക്ഷപ്പെടാന്‍ സഹായിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. മാഗ്‌ദെബര്‍ഗില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേരാണ് സംഭവസ്ഥലത്ത് മരിച്ചത്. പരുക്കേറ്റവരില്‍ 15 പേരുടെ സ്ഥിതി ഗുരുതരമാണ്. ഇസ്ലാമില്‍ പോസിറ്റീവായി എന്തെങ്കിലും കാര്യമുണ്ടോയെന്നും, ജര്‍മ്മനി യൂറോപ്പിനെ ഇസ്ലാമികവത്കരിക്കുന്നുവെന്നും ഉള്‍പ്പെടെ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച വ്യക്തിയാണ് ഈ അക്രമം നടത്തിയതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.