അധ്യാപകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനുള്ള നടപടികളെ പിന്തുണച്ച് എഡ്യുക്കേഷന്‍ സെക്രട്ടറി. ജോലി പുതുതലമുറയില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമാക്കാനുള്ള വഴികള്‍ ആലോചിക്കുന്നതിനിടെയാണ് ഇതും കൂടി ചേര്‍ക്കുന്നത്. നേരത്തെ തന്നെ ഇടയ്ക്ക് വിശ്രമവേളകള്‍ അനുവദിക്കാനും, ജോലി ചെയ്യുന്ന ആഴ്ചയുടെ നീളം കുറയ്ക്കാനും നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു.
മാര്‍ക്കിംഗ്, ലെസണ്‍ പ്ലാനിംഗ്, വിദ്യാര്‍ത്ഥികളുടെ അസസ്‌മെന്റ് എന്നിവ ചെയ്യുമ്പോള്‍ സ്‌റ്റേറ്റ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമല്ലാതാക്കണമെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ പറയുന്നത്. ഫ്‌ളെക്‌സിബിള്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇംഗ്ലീഷ് സ്റ്റേറ്റ് സ്‌കൂള്‍ സെക്ടറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നതായി 47% പേര്‍ അഭിപ്രായപ്പെട്ട സര്‍വ്വെ നേരത്തെ പുറത്തുവന്നിരുന്നു.
വര്‍ക്ക് ഫ്രം ഹോമിന് സാധിക്കാത്ത അവസ്ഥ അധ്യാപക ജോലിയുടെ ആകര്‍ഷണം കുറയ്ക്കുന്നതായി മുന്‍ ഗവണ്‍മെന്റിന്റെ സമയത്ത് തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. 6500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നാണ് ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനം. ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്ന നടപടികള്‍ കൂടി ഇതിനായി നടപ്പാക്കാനാണ് എഡ്യൂക്കേഷന്‍ സെക്രട്ടറിയുടെ ഉദ്ദേശം.
പദ്ധതികള്‍ പ്രകാരം ജീവനക്കാര്‍ക്ക് മാര്‍ക്കിംഗ്, പാഠം തയ്യാറാക്കല്‍ എന്നിവയ്ക്കായി വീട്ടിലിരിക്കാന്‍ ഹെഡ്ടീച്ചേഴ്‌സിന് അനുവാദം നല്‍കാം. അധ്യാപകര്‍ കൂട്ടമായി ജോലി ഉപേക്ഷിക്കുന്നത് ഒഴിവാക്കാനും, ജനറേഷന്‍ Z റിക്രൂട്ടുകളെ ആകര്‍ഷിക്കാനുമാണ് ഈ നീക്കം.