നടപ്പാതയിലേക്ക് ഇരച്ചുകയറിയ കാര്‍ അതുവഴി നടക്കുകയായിരുന്ന മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. കവന്‍ട്രിയില്‍ സുഹൃത്തുക്കളുടെ അരികിലേക്ക് നടന്നുപോകവെയാണ് 35-കാരന്‍ മൃദുല്‍ കോമ്പാറയെ കുതിച്ചെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. എന്നാല്‍ അപകടം സൃഷ്ടിച്ച ഡ്രൈവര്‍ പരുക്കേറ്റ വ്യക്തിയെ തിരിഞ്ഞുപോലും നോക്കാതെ സംഭവസ്ഥലത്ത് നിന്നും മുങ്ങുകയാണ് ചെയ്തത്.
പരുക്കേറ്റ് കിടന്ന മൃദുലിനെ മറ്റ് വഴിയാത്രക്കാരാണ് സഹായിക്കാന്‍ എത്തിയത്. ഇവര്‍ ആംബുലന്‍സ് വിളിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കവന്‍ട്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടത് കാല്‍ക്കുഴയ്ക്ക് പൊട്ടലുള്ളതിന് പുറമെ ഇടുപ്പിനും, കാലുകള്‍ക്കും, തോളിലും പരുക്കേറ്റിട്ടുണ്ട്. സുഹൃത്തുക്കളെ കാണാനായി അടുത്തുള്ള റെസ്റ്റൊറന്റിലേക്ക് പോകവെയായിരുന്നു അപകടം.
കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് മൃദുല്‍ പറയുന്നു. കാര്‍ റോഡിന് അരികില്‍ പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായാണ് ആദ്യം കരുതിയതെങ്കിലും വേഗത കുറയുന്നില്ലെന്ന് മനസ്സിലാക്കിയ സമയം കൊണ്ട് യുവാവിനെ വായുവില്‍ ആക്കി. എന്നാല്‍ ഡ്രൈവര്‍ ഇരയോട് ക്ഷമ പോലും ചോദിക്കാതെ കാര്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്നും മുങ്ങി.
എന്നാല്‍ യുകെയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൃദുല്‍ കേരളത്തിലേക്ക് മടങ്ങി. എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം ഒഴിവാക്കാനാണ് മുറിവുകളുമായി ഈ യുവാവിന് നാട്ടിലേക്ക് പോകേണ്ടി വന്നത്. എന്നിരുന്നാലും അപകടം സൃഷ്ടിച്ച ഡ്രൈവറെ തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കവന്‍ട്രി പോലീസ് പറഞ്ഞു. ഡ്രൈവറെ തിരിച്ചറിയാനായി ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു.