ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സ്തംഭിക്കുന്നതായി അപായമണി മുഴക്കുമ്പോഴും പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റുകള്‍ 4.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് തീരുമാനം കൈക്കൊണ്ടത്. നവംബറില്‍ തുടര്‍ച്ചയായ രണ്ടാം മാസവും പണപ്പെരുപ്പം വര്‍ദ്ധിച്ചതും, ശമ്പളം വീണ്ടും വളര്‍ച്ച നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി.
എന്നാല്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നികുതി റെയ്ഡില്‍ യുകെ ബിസിനസ്സ് പിഎല്‍സി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന ആശങ്കകളും ശക്തമാണ്. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുകയാണ് ചെയ്തത്. ബിസിനസ്സ് സര്‍വ്വെകള്‍ പ്രകാരം വളര്‍ച്ചയും സ്തംഭിക്കുകയാണ്. ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും പതിയെ ഉയരുന്നു.
എംപിസിയിലെ ആറ് അംഗങ്ങള്‍ നിരക്കുകള്‍ നിലനിര്‍ത്താന്‍ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ 0.25 ശതമാനം കുറയ്ക്കാന്‍ വോട്ട് ചെയ്തു. ഇതിന് പുറമെ 2024 അവസാന പാദത്തിലെ വളര്‍ച്ചാനിരക്ക് പ്രവചനങ്ങള്‍ ബാങ്ക് 0.3 ശതമാനത്തില്‍ നിന്നും പൂജ്യമായി കുറച്ചതും ആശങ്കയാണ്.
പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ നിലനില്‍ക്കേണ്ടത് സുപ്രധാനമാണെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. ഘട്ടം ഘട്ടമായി പലിശ കുറയ്ക്കുന്നതാണ് ശരിയായ നടപടിയെന്ന കാര്യത്തില്‍ മാറ്റമില്ല. സമ്പദ് വ്യവസ്ഥ വര്‍ദ്ധിച്ച അനിശ്ചിതാവസ്ഥ നേരിടുമ്പോള്‍ അടുത്ത വര്‍ഷം എപ്പോള്‍ നിരക്ക് കുറയുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല, ഗവര്‍ണര്‍ പറഞ്ഞു.
കുടുംബങ്ങള്‍ ഉയര്‍ന്ന ചെലവ് മൂലം ബുദ്ധിമുട്ടുകയാണെന്ന് അറിവുള്ള കാര്യമാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രതികരിച്ചു. ജോലി ചെയ്യുന്നവരുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കാന്‍ പണപ്പെരുപ്പം സ്ഥിരത കൈവരിക്കണം, ഇക്കാര്യത്തില്‍ ബാങ്കിന് സമ്പൂര്‍ണ്ണ പിന്തുണയുണ്ട്, റീവ്‌സ് പറഞ്ഞു.