പ്രധാനമന്ത്രി പദത്തില്‍ കാത്തുകൊതിച്ച് എത്തിച്ചേര്‍ന്ന് അഞ്ച് മാസം പിന്നിട്ടപ്പോഴേക്കും കീര്‍ സ്റ്റാര്‍മര്‍ ക്ഷീണിതനെന്ന് സുഹൃത്തുക്കള്‍. ജോലിയുടെ അമിതഭാരം സ്റ്റാര്‍മറെ സമ്മര്‍ദത്തിലാക്കിയതോടെ ഉടന്‍ ഒരു ഹോളിഡേ ആവശ്യമാണെന്നാണ് ഇവര്‍ നല്‍കുന്ന വിവരം.
പ്രധാനമന്ത്രി ആണെങ്കിലും സ്റ്റാര്‍മര്‍ക്ക് അല്‍പ്പം ആശ്വാസം വേണമെന്നാണ് സുഹൃത്തുക്കളുടെ നിലപാട്. എന്നാല്‍ സ്റ്റാര്‍മറുടെ ആത്മവീര്യം മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുകയാണെന്നും, മറിച്ചുള്ള വാദങ്ങള്‍ തള്ളുന്നതായും നം.10 പറയുന്നു.
അപ്രിയ തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിരോധം ഇത്രത്തോളം ഏറുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടില്ലെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി. ന്യൂഇയറിന് സമീപത്തായി ആദ്യത്തെ ഹോളിഡേ എടുക്കാനാണ് സ്റ്റാര്‍മര്‍ ഒരുങ്ങുന്നത്. 165 സീറ്റുകളുടെ ഭൂരിപക്ഷവുമായി ഭരിക്കുന്ന പാര്‍ട്ടിക്ക് പ്രധാനമന്ത്രി ആധുനിക കാലത്തെ ഡിമാന്‍ഡ് നേരിടാനുള്ള പ്രാപ്തിയുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. കൂടാതെ അഞ്ച് വര്‍ഷം ഭരിക്കാന്‍ സ്റ്റാര്‍മര്‍ക്ക് സാധിക്കുമോയെന്നും ആശങ്കയുണ്ട്.
മാര്‍ഗററ്റ് താച്ചറും, ടോണി ബ്ലെയറും ഒരു ദശകത്തോളം പിടിച്ചുനിന്നു. പക്ഷെ അവരെല്ലാം വേറെ ശ്രേണിയില്‍ പെട്ടവരായിരുന്നു. ഇപ്പോള്‍ ലോകം ഏറെ വ്യത്യസ്തമാണ്, ഒരു സീനിയര്‍ ഡൗണിംഗ് സ്ട്രീറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നു. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മൂലം ചെറിയ കുമിളകളില്‍ നിന്നും കൊടുങ്കാറ്റുകള്‍ പൊട്ടിപ്പുറപ്പെടുന്ന സ്ഥിതിയാണ്, ഇദ്ദേഹം പറയുന്നു.