എന്‍എച്ച്എസ് ജീവനക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത് സൗജന്യമായല്ല. ശമ്പളം വാങ്ങിയാണ്. അങ്ങനെ ശമ്പളം വാങ്ങുന്നവര്‍ തങ്ങളുടെ സ്വന്തം വാഹനങ്ങള്‍ വാങ്ങും. ജോലിക്കായി വരുമ്പോള്‍ ഇത് ഉപയോഗിച്ച് ജോലിക്കെത്തും. കൊടുംതണുപ്പിലും, രാത്രി ഷിഫ്റ്റിലും മറ്റെല്ലാം മറന്ന് ജോലി ചെയ്യാന്‍ കാറുകളില്‍ എത്തുമ്പോള്‍ ആശുപത്രിയില്‍ പാര്‍ക്ക് ചെയ്യും. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആശുപത്രികള്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് ഈടാക്കിയാല്‍ ആരെയെങ്കിലും കുറ്റം പറയാന്‍ കഴിയുമോ? ഇല്ലേയില്ല!
അതുകൊണ്ടാണ് ഇംഗ്ലണ്ടിലെ നാലിലൊന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളും ജോലിക്കാരുടെയും, രോഗികളുടെയും പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ 'വര്‍ദ്ധിപ്പിച്ചത്'! ആശുപത്രികളിലും, സര്‍ജറികളിലും പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഉയര്‍ത്തി രോഗികളെയും, ജീവനക്കാരെയും പിഴിയുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ഇവരുടെ പക്ഷം.
2024 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷങ്ങളില്‍ രോഗികള്‍, ജീവനക്കാര്‍, അല്ലെങ്കില്‍ രണ്ട് വിഭാഗങ്ങളുടെയും പാര്‍ക്കിംഗ് ചെലവുകള്‍ ഉയര്‍ത്തിയെന്നാണ് കണ്ടെത്തല്‍. ആശുപത്രി ട്രസ്റ്റുകള്‍ കനത്ത സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് ന്യായീകരിക്കാവുന്നതാണെന്ന് ആരോഗ്യ മേധാവികള്‍ പറയുന്നു. അതുകൊണ്ട് തന്നെ സൗജന്യ കാര്‍ പാര്‍ക്കിംഗ് നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇവരുടെ നിലപാട്.
എന്നാല്‍ രോഗികളുടെ തലയിലും ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് തെറ്റാണെന്ന് രോഗികളുടെ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. കൊവിഡ് കാലത്ത് 2020 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ ഇംഗ്ലണ്ടിലെ ആശുപത്രി ജീവനക്കാര്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് 130 മില്ല്യണ്‍ പൗണ്ട് ചെലവ് വന്നുവെന്നാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. ഈ വര്‍ഷം പല എന്‍എച്ച്എസ് കേന്ദ്രങ്ങളിലും പാര്‍ക്കിംഗ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത് രോഗികള്‍ക്കും, കുടുംബങ്ങള്‍ക്കും ഭാരമാകുമെന്ന് പേഷ്യന്റ്‌സ് അസോസിയേഷനിലെ റേച്ചല്‍ പവര്‍ ചൂണ്ടിക്കാണിച്ചു.