നോര്‍ത്താംപ്ടണ്‍ഷയറിലെ സ്വന്തം വീട്ടില്‍ അമ്മ നേരിടുന്ന പീഡനങ്ങള്‍ കണ്ട് മകള്‍ ഞെട്ടി. ഡിമെന്‍ഷ്യ ബാധിച്ച അമ്മയുടെ ആരോഗ്യനില വഷളായി വരുന്നതില്‍ സംശയം തോന്നിയതോടെയാണ് കുടുംബം വീട്ടില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത്. വീഡിയോ ദൃശ്യങ്ങളില്‍ കണ്ട സംഭവങ്ങള്‍ അവരുടെ ഹൃദയം തകര്‍ക്കാന്‍ പോന്നതായിരുന്നു. 78 വയസ്സുള്ള അമ്മ സബീനാ മാര്‍സ്‌ഡെനെ ക്രൂരയായ കെയറര്‍ സ്‌റ്റേസി ജോര്‍ജ്ജ് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങള്‍. കൂടാതെ മുത്തശ്ശിയുടെ പുതപ്പ് ഇവര്‍ തട്ടിപ്പറിച്ച് എടുക്കുന്നതും ക്യാമറയില്‍ പതിഞ്ഞു. മകള്‍ ജിനാ ഓവനാണ് കെയററുടെ ക്രൂരത ലൈവായി ദര്‍ശിച്ചത്.
വീട്ടില്‍ ഒളിപ്പിച്ച ക്യാമറയില്‍ നിന്നും ലൈവ് ദൃശ്യങ്ങള്‍ മൊബൈല്‍ എത്തിയപ്പോള്‍ ജിന അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇവരുടെ സഹോദരി മാന്‍ഡി വീട്ടില്‍ നിന്നും പുറത്തുപോയി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കെയറര്‍ സ്‌റ്റേസിയുടെ പരിപാടി തുടങ്ങുകയായി. മെഗാ കെയര്‍ ജീവനക്കാരിയായിരുന്ന കെയററെ കമ്പനി സംഭവത്തിന്റെ വെളിച്ചത്തില്‍ പുറത്താക്കി. എന്നാല്‍ താന്‍ കുറ്റം ചെയ്തതായി സമ്മതിച്ചിട്ടും 46-കാരിക്ക് നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് താക്കീത് മാത്രം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ മകള്‍ ഈ നടപടിയില്‍ അതൃപ്തി അറിയിച്ചു.
അമ്മയെ തല്ലിയ കെയററെ തിരിച്ച് തല്ലിയിരുന്നെങ്കില്‍ തങ്ങളുടെ അവസ്ഥ ഇതുപോലൊരു താക്കീതില്‍ ഒതുങ്ങുമായിരുന്നില്ലെന്ന് ജിന പറയുന്നു. തങ്ങളുടെ ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ് അമ്മ. അവരെ ഇതുപോലൊരു അവസ്ഥയിലൂടെ കടത്തിവിടേണ്ട കാര്യമില്ല. യഥാര്‍ത്ഥത്തില്‍ അമ്മ നരകത്തിലായിരുന്നു കഴിഞ്ഞതെന്ന് ക്യാമറ വെച്ചതോടെയാണ് മനസ്സിലായതെന്നും മകള്‍ പറയുന്നു. താക്കീത് നല്‍കി വിട്ടയച്ചതുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ച നടത്തുമെന്ന് നോര്‍ത്താപ്ടണ്‍ഷയര്‍ പോലീസ് വ്യക്തമാക്കി. അമ്മയുടെ ആരോഗ്യം ക്ഷയിക്കുന്നത് കണ്ട് മറ്റൊരു കെയററാണ് വീട്ടില്‍ ക്യാമറ വെയ്ക്കാന്‍ ഉപദേശിച്ചത്.
ജീവനക്കാരി കുറ്റം ചെയ്‌തെങ്കിലും ഈ സേവനത്തിന് ബില്‍ അയച്ച് നല്‍കിയിരിക്കുകയാണ് മെഗാ കെയര്‍. ഇത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.