
















സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിനെ വിമര്‍ശിച്ച് നടി സ്വരാ ഭാസ്‌കര്‍ രംഗത്തുവന്നിരുന്നു. ചിത്രം കണ്ടപ്പോള്‍ ഒരു യോനിയായി ചുരുങ്ങിപോയി എന്നായിരുന്നു പരാമര്‍ശം. സോഷ്യല്‍മീഡിയയില്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പത്മാവതിനെ വിമര്‍ശിച്ച് സ്വര എഴുതിയത് വലിയ ചര്‍ച്ചയായിരുന്നു. സതിയെ മഹത്വത്കരിക്കുന്ന ഭാഗം ചൂണ്ടിക്കാണിച്ച് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ജീവിക്കാനവകാശമുണ്ടെന്നും സഞ്ചരിക്കുന്ന യോനികളല്ല സ്ത്രീകള്‍ എന്നും സ്വര പറഞ്ഞിരുന്നു.
ഇപ്പോള്‍ ദീപിക തന്നെ പ്രതികരണം നടത്തി. സിനിമയ്ക്ക് മുമ്പ് എഴുതികാണിച്ച സതിയെ മഹത്വവത്കരിക്കുന്നില്ല എന്ന കുറിപ്പ് കാണാത്തതിനാലാകാം സ്വര ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സതി ആചാരത്തെ അനുകൂലിക്കുന്നില്ലെന്നു ഇതില്‍ വ്യക്തമാണെന്ന് ദീപിക പറയുന്നു.
ആ സമയത്ത് പോപ്‌കോണോ മറ്റോ വാങ്ങാന്‍ പോയ അവര്‍ സ്‌ക്രീനില്‍ എഴുതി കാണിച്ച മുന്നറിയിപ്പ് മിസ് ചെയ്തിട്ടുണ്ടാകും. മാത്രമല്ല ഒരു സിനിമ കാണുമ്പോള്‍ അത് മുഴുവനായും കാണാന്‍ ശ്രമിക്കുകയും അത് ഏത് കാലഘട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും മനസിലാക്കണം. സതിയെ ചിത്രീകരിക്കാന്‍ മാത്രമല്ല ഈ ചിത്രമെന്നും അതിനേക്കാളുപരി പല കാര്യങ്ങളും ചിത്രത്തിലുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ആഘോഷവും കരുത്തും അന്തസ്സുമാണ് ഈ സിനിമയെന്നും ദീപിക പറഞ്ഞു.