
















ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരേയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ടൈഗര്‍ ഷ്‌റോഫിനെ ലക്ഷ്യമിട്ടല്ല അക്രമികള്‍ മുംബൈയില്‍ എത്തിയതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നടന് നേരേ വെടിയുതിര്‍ത്തവരെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.
ഞായറാഴ്ച വൈകിട്ടാണ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവില്‍ ഫുട്‌ബോള്‍ കളിച്ച് കാറില്‍ മടങ്ങുന്നതിനിടെ അക്രമികള്‍ നടന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഹരിയാണ സ്വദേശികളായ ഫൂല്‍ സിങ്(18) റഹാന്‍(18) ബിഹാര്‍ സ്വദേശി ഋത്വിക് എന്ന റോഷന്‍(22) എന്നിവരാണ് ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിയുതിര്‍ത്തത്. മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം രാജസ്ഥാനില്‍വെച്ച് പൊലീസ് പിടികൂടിയിരുന്നു.
അതേസമയം, അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവര്‍ മുംബൈയിലെത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമായത്. ഈ ഉന്നതനെ വധിക്കാനായി ഇദ്ദേഹം പതിവായി സഞ്ചരിക്കുന്ന വഴിയിലടക്കം അക്രമികള്‍ എത്തിയിരുന്നു. എന്നാല്‍, ഉന്നതനെ നേരിടുക എളുപ്പമല്ലെന്ന് അക്രമിസംഘത്തിന് ബോധ്യമായി. ഇതിനിടെയാണ് ടൈഗര്‍ ഷ്‌റോഫിന്റെ ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റീലുകള്‍ അക്രമികള്‍ ശ്രദ്ധിച്ചത്. നടന് പൊലീസ് സംരക്ഷണമില്ലെന്ന് റീലുകളില്‍നിന്ന് വ്യക്തമായതോടെയാണ് അക്രമികള്‍ ടൈഗര്‍ ഷ്‌റോഫിനെ ലക്ഷ്യമിട്ട് നീങ്ങിയതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.