
















ജോലി തട്ടിയെടുക്കാനായി കാമുകനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിലെ ജീവനക്കാരനായ മംഗ്ലേഷ് പാല്‍ (23) ആണ് കൊല്ലപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മരിച്ചാല്‍ ആശ്രിത നിയമനത്തിലൂടെ തനിക്ക് ആ ജോലി ലഭിക്കുമെന്നും കാമുകനൊപ്പം സുഖമായി ജീവിക്കാമെന്നും കരുതിയാണ് യുവതിയും കാമുകനും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മംഗ്ലേഷിന്റെ ഭാര്യ സൊണാലി കുമാരി (23), ഇവരുടെ കാമുകനും അമ്മാവന്റെ മകനുമായ കൗശിക് കുമാര്‍ നൗനിയ, സഹായിയായ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒക്ടോബര്‍ 18 ന് പുലര്‍ച്ചെയാണ് യുവാവ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ഇയാളെ അക്രമികള്‍ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഭവനഭേദനം നടന്നെന്നും, കവര്‍ച്ചക്കാര്‍ വീടിനുള്ളില്‍ കടന്ന് തന്റെ കയ്യും കാലും വായും കൂട്ടിക്കെട്ടിയ ശേഷം മംഗ്ലേഷിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വധിച്ചെന്നുമാണ് സൊണാലി പോലീസിന് നല്‍കിയ പ്രാഥമിക മൊഴി. യുവതിയുടെ പരസ്പരവിരുദ്ധമായ മൊഴിയില്‍ സംശയം തോന്നി ഹസാരിബാഗ് എസ്.പിയുടെ നിര്‍ദേശപ്രകാരം അന്വേഷണസംഘം സൊണാലിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്.
ഭര്‍ത്താവിനെ വധിച്ച് സി.സി.എല്ലില്‍ ആശ്രിത നിയമനം വഴി ജോലി കൈക്കലാക്കുക, സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുക, തുടര്‍ന്ന് കാമുകനൊപ്പം ജീവിക്കുക എന്നതായിരുന്നു യുവതിയുടെ പദ്ധതിയെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തില്‍ കൊലപാതക്തതിന് ഉപോയോഗിച്ച വെട്ടുകത്തിയും കത്തിയും പൊലീസ് കണ്ടെത്തി. രക്തം പുരണ്ട ആയുധങ്ങള്‍, തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച തുണി, പ്രതികളുടെ വസ്ത്രങ്ങള്‍, കത്തിച്ച ഫോണുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ സൊണാലിയെയും കൗശികിനെയും റിമാന്‍ഡ് ചെയ്തു. ജയിലിലടയ്ക്കുകയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. സംഭവച്ചില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.