
















കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് ടി.പി കേസ് പ്രതികളുടെ മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. കേസില്‍ ഒരു വര്‍ഷമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജയില്‍ മാറ്റം. സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴാണ് ടി.പി കേസിലെ പ്രതികള്‍ റോബിനെ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച ജയിലില്‍ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട് .
ടി.പി കേസിലെ പ്രതികളായ കിര്‍മാണി മനോജ്, ടി.കെ രജീഷ് എന്നിവര്‍ക്കൊപ്പമാണ് റോബിന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കുകയും നവജാത ശിശുവിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വികാരി ആയിരിക്കെയാണ് ഇയാള്‍ പീഡനം നടത്തിയത്.
പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ സഭയുടെ അനാഥാലയത്തിലാക്കി. പീഡന വിവരം മറച്ചുവയ്ക്കുന്നതിനും കേസ് ഒതുക്കിതീര്‍ക്കുന്നതിനും പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും വീടും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.