ഹജ്ജ് ഇസ്ലാമിന്റെ അഞ്ചാമത്തെയും, അവസാനത്തെയും തൂണാണ്. എല്ലാ മുസ്ലീങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ഹജ്ജിനെത്തണം എന്നാണ് നിയമം. മെക്കയെന്ന വിശുദ്ധ നഗരത്തിലേക്ക് 2 മില്ല്യണ്‍ മുസ്ലീങ്ങളാണ് ഓരോ വര്‍ഷവും ഒഴുകിയെത്തുന്നത്. മുസ്ലീം സ്ത്രീകളുടെ താഴ്മയാണ് ആ മതം അനുശാസിക്കുന്ന രീതി. ഇതിന്റെ ഭാഗമായാണ് പൊതുസ്ഥലത്ത് കൂടുതല്‍ ശരീരം പ്രദര്‍ശിപ്പിക്കാതെ പൊതിഞ്ഞ് നടക്കണമെന്ന് അനുശാസിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും മുസ്ലീം സ്ത്രീകള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ സോഷ്യല്‍ മീഡിയ ക്യാംപെയിന്‍.
#MosqueMeToo എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത്. ആരാധനാലയങ്ങളിലും ഹജ്ജ് ഉള്‍പ്പെടെയുള്ള ജനം ഒത്തുകൂടുന്ന സ്ഥലങ്ങളിലും മുസ്ലീം സ്ത്രീകള്‍ ലൈംഗികമായി അപമാനിക്കപ്പെടുന്ന ഞെട്ടിക്കുന്ന കഥകളാണ് ഇതുവഴി പുറത്തുവരുന്നത്. ലോകത്തിലെ വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ ലൈംഗിക അപമാനം നേരിട്ട കഥകള്‍ പങ്കുവെയ്ക്കവെയാണ് ഹജ്ജില്‍ പോലും രക്ഷയില്ലെന്ന് വ്യക്തമാകുന്നത്.
എഴുത്തുകാരിയും, പത്രപ്രവര്‍ത്തകയുമായ മോണാ എല്‍താഹ്വിയാണ് #മോസ്‌ക്മിടൂ ഹാഷ്ടാഗ് ഉപയോഗിച്ച് ഹജ്ജിന് പോയ ഒരു സ്ത്രീയുടെ കഥ പങ്കുവെച്ചത്. ഹജ്ജിന് പോയ ഉമ്മ നേരിട്ട ദുരനുഭവം പങ്കുവെച്ച മകളുടെ വാക്കുകള്‍ കേട്ട് കരഞ്ഞ് പോയെന്ന് മോണ പറയുന്നു. ഒരു സ്ത്രീ ജീവിതത്തിലെ സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ലോകം രണ്ടായി പിളര്‍ന്നുപോകുമെങ്കില്‍ അങ്ങ് പിളര്‍ന്നുപോകട്ടെ എന്നായിരുന്നു മോണയുടെ ട്വീറ്റ്. മുസ്ലീങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് മോശമാകുമെന്ന് കരുതി തങ്ങളുടെ ദുരനുഭവങ്ങള്‍ സ്ത്രീകള്‍ പുറത്തുപറയാറില്ല.
മോണ കഥ പങ്കുവെച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഹാഷ്ടാഗ് വൈറലായി. ഹജ്ജിന് പുറമെ പള്ളികളിലും മറ്റ് പൊതുസ്ഥലങ്ങളിലും അപമാനിക്കപ്പെടുന്ന കഥകളാണ് വിവിധ സ്ത്രീകള്‍ പങ്കുവെയ്ക്കുന്നത്. വസ്ത്രത്തില്‍ പൊതിഞ്ഞ് നടന്നാല്‍ പീഡിപ്പിക്കപ്പെടില്ലെന്ന വാദമാണ് ഇതോടെ പൊളിയുന്നത്.