അമ്മ പറഞ്ഞത് പോലെ രാവിലെ എണീറ്റ് കുളിച്ചു. വിശന്നപ്പോള്‍ ഫ്രിഡ്ജില്‍ നിന്ന് പഴങ്ങളും അടുക്കളയില്‍ നിന്ന് ബിസ്‌ക്കറ്റും കഴിച്ചു. ഉറക്കംവന്നപ്പോള്‍ അമ്മ തൂങ്ങി നിന്ന മുറിയിലെ സോഫയില്‍ കിടന്നുറങ്ങി. സംഭവ സ്ഥലത്തെത്തിയ പോലീസിന് കണ്ണു നിറഞ്ഞു ഈ കാഴ്ച.
പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ആത്മഹത്യ ചെയ്ത അമ്മയുടെ മൃതദേഹത്തിനൊപ്പം മൂന്നു ദിവസമാണ് മകന്‍ കഴിഞ്ഞത്. തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നറിയിച്ച് സ്വകാര്യ ആശുപത്രി നഴ്‌സായ ജസ്പീന്ദര്‍ കൗര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ജസ്പീന്ദറിന്റെ സുഹൃത്ത് ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും അറിയുന്നത്. കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാത്തതും വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരുകയും ചെയ്തതോടെ സംശയമായി. തുടര്‍ന്ന് പോലീസിനേയും അയല്‍ക്കാരേയും വിവരമറിയിച്ചു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ പോലീസും അയല്‍ക്കാരും ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ആറുവയസ്സുകാരന്‍ സോഫയില്‍ കിടക്കുന്നു. എന്തുകൊണ്ടാണ് അമ്മ മരിച്ചത് ആരോടും പറയാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ഹൃദയം പൊള്ളുന്ന മറുപടിയും. അമ്മ മരിക്കാന്‍ പോകുന്നുവെന്നും സ്വന്തം കാര്യങ്ങളെല്ലാം തനിയെ നോക്കണമെന്നും അമ്മ പരഞ്ഞിരുന്നു. കുഞ്ഞിന്റെ മറുപടി കേട്ട് കണ്ണു നിറയുകയായിരുന്നു ചുറ്റുമുള്ളവര്‍ക്ക്. അമ്മയുടെ സുഹൃത്തും ഛോട്ടാ പപ്പയും അമ്മയെ മര്‍ദ്ദിച്ചിരുന്നുവെന്നും ഇവന്‍ പോലീസിനോട് പറഞ്ഞു.
ആര്‍മി ഉദ്യോഗസ്ഥനായ ഭര്‍ത്താവുമായി പിരിഞ്ഞ് ജസ്പീന്ദറും മകനും മൊഹാലിയില്‍ എത്തിയിട്ട് അധികനാള്‍ ആയിട്ടില്ല. അവര്‍ കാനഡയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും ഇതിനിടെയാണ് ജസ്പീന്ദര്‍ ആത്മഹത്യ ചെയ്തതെന്നും അവരുടെ ബന്ധുക്കള്‍ പറഞ്ഞു.