
















ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഗുരുക്കന്‍മാരില്‍ ഒരാളാണ് മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി. ഗുരുവിനെ വെട്ടിയാണ് മോദി പ്രധാനമന്ത്രി കസേരയിലേക്ക് എത്തിയതെന്നൊരു ചീത്തപ്പേര് പൊതുവെ ഉയര്‍ത്താറുണ്ട്. പ്രത്യേകിച്ച് പ്രതിപക്ഷം ഇദ്ദേഹത്തിന്റെ നിശബ്ദത കാര്യമായി മുതലാക്കുകയും ചെയ്തു.
എന്തായാലും അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കസേര തെറിപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മോഹം. അതിന് അവര്‍ പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും സ്വന്തം പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെയാണ് ഇതില്‍ പ്രധാനം. ചെറുകിട പാര്‍ട്ടിയുടെ ബിജെപിയുടെ തേരോട്ടത്തില്‍ അപ്രത്യക്ഷമാകുന്നത് കോണ്‍ഗ്രസിനെയും വിഷമിപ്പിക്കുന്നുണ്ട്.
എന്തായാലും പ്രതിപക്ഷ ഐക്യം പലപ്പോഴും തകരുന്നത് ചില നേതാക്കളുടെ പ്രധാനമന്ത്രി കസേരയോടുള്ള മോഹം കൊണ്ടാണെന്നതാണ് വസ്തുത. അതില്‍ ഒരു പ്രധാന മോഹിയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച മമത ഇന്ന് പാര്‍ലമെന്റിലുമെത്തി.
മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയെ സന്ദര്‍ശിച്ച മമത അദ്ദേഹത്തിന്റെ കാല്‍തൊട്ട് അനുഗ്രഹവും വാങ്ങി. അദ്ദേഹത്തിന്റെ ചേംബറില്‍ 15 മിനിറ്റ് നീണ്ട ചര്‍ച്ചയും നടത്തി. എന്നാല്‍ ഇത് തികച്ചും വ്യക്തിപരമായ സന്ദര്‍ശനം മാത്രമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് മമത വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാക്കളായ സോണിയാ ഗാന്ധി, ദേവഗൗഡ, കെജ്രിവാള്‍ എന്നിവരെയും ഇവര്‍ കാണുന്നുണ്ട്.
ബിജെപിയെ ലക്ഷ്യമിട്ടുള്ള ചെളിവാരി എറിയല്‍ പരിപാടിക്ക് നേതൃത്വം ഏറ്റെടുത്ത് കൊണ്ട് പ്രതിപക്ഷ മുഖമായി മാറാനാണ് ദീദിയുടെ മോഹം.