ഉബര്‍ ടാക്‌സി വിളിച്ചാല്‍ പറന്ന് പോകുന്ന കാലം ഇനി വിദൂരമല്ല. പറക്കും ടാക്‌സികള്‍ പരീക്ഷിക്കാനുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഉബര്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ അന്താരാഷ്ട്ര ഉബര്‍ എയര്‍ സിറ്റി നടപ്പാക്കുന്ന രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യക്ക് സ്ഥാനം.
ഇന്ത്യക്ക് പുറമെ ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും ഉബര്‍ എലിവേറ്റ് എന്ന ആകാശ ടാക്‌സി വിഭാഗം പരീക്ഷണ പറക്കല്‍ നടത്തും. യുഎസിലെ ഡല്ലാസ്, ലോസാഞ്ചലസ് എന്നീ നഗരങ്ങള്‍ക്ക് ശേഷം ഏത് നഗരത്തിലാണ് ഈ സേവനം ആദ്യമായി ലഭ്യമാക്കുകയെന്ന് ഉറപ്പായിട്ടില്ല.
ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ റോഡുകളിലെ തിരക്കിന് പരിഹാരമായാണ് ഉബറിന്റെ പറക്കും ടാക്‌സി എത്തുന്നത്. മുംബൈ, ഡല്‍ഹി, ബെംഗളൂരു പോലുള്ള നഗരങ്ങള്‍ ലോകത്തിലെ തന്നെ തിരക്കേറിയ നഗരങ്ങളാണ്. ഏതാനും കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മണിക്കൂറുകള്‍ വേണം. ഉബര്‍ എയര്‍ വഴി അനായാസ ഗതാഗതം സാധ്യമാക്കാം, കമ്പനി പറയുന്നു.
വിമാനയാത്ര ഒരു ടാക്‌സി വിളിക്കുന്നത് പോലെ എളുപ്പമാക്കുകയാണ് ഉബര്‍ എയര്‍ ലക്ഷ്യമാക്കുന്നത്.