2019 ജനുവരി മുതല്‍ വിവിധ മോഡലുകളില്‍ 30,000 രൂപ വരെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. നിര്‍മ്മാണ വില വര്‍ദ്ധനവും വാര്‍ഷിക റിവിഷനും ചേര്‍ന്നാണ് ഈ വര്‍ദ്ധനവ്. നേരത്തെ മാരുതി സുസുക്കി, ടാറ്റാ മോട്ടോര്‍സ്, ഫോര്‍ഡ്, ഹോണ്ട, റിനോള്‍ട്ട്, നിസ്സാന്‍, ടൊയോട്ട, ബിഎംഡബ്യു തുടങ്ങിയ കമ്പനികള്‍ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
സ്റ്റീല്‍, അലൂമിനിയം, മറ്റ് മെറ്റലുകള്‍ എന്നിവയുടെ വിനിമയനിരക്ക് ഇന്ത്യയില്‍ അടുത്ത കാലത്തായി വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. ഇതിന്റെ നിരക്കാണ് കാര്‍ നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുന്നത്. ഇന്ധന വില വര്‍ദ്ധനവും, പലിശ നിരക്കിലെ വര്‍ദ്ധനവും വലിയ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകള്‍ക്ക് എത്തിച്ച് നല്‍കുന്ന ചെലവ് വര്‍ദ്ധിച്ചതാണ് ഇവര്‍ പറയുന്ന ന്യായം.
2018 ഹ്യുണ്ടായ് സാന്‍ട്രോ മോഡല്‍ ഒക്ടബോറില്‍ കമ്പനി അവതരിപ്പിച്ചത് പ്രാരംഭ വിലയിലാണ്. 3.9 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിട്ട വാഹനത്തിന്റെ വിലയും ഇതോടൊപ്പം ഉയരും. ഇന്ത്യയില്‍ ഒന്‍പത് മോഡലുകളാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്. 2019ല്‍ പുതിയ സാന്റാഫെ, അടുത്ത തലമുറ ഇലാന്‍ട്ര എന്നിവയും പുറത്തിറക്കുകയാണ് ഹ്യുണ്ടായ്.